മന്‍ദസോറില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; പ്രദേശത്ത് സുരക്ഷ ശക്തമാക്കി
സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്
സമരത്തിനിടെ കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശിലെ മന്‍ദസോറില്‍ സംഘര്‍ഷാവസ്ഥ നാലാം ദിവസവും തുടരുന്നു. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ച് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി നേതാക്കള്‍ ഇന്ന് മന്‍ദസൌര്‍ സന്ദര്‍ശിക്കും.
മന്‍ദസൌറിലെ നിലവിലെ സംഭവ വികാസങ്ങള്‍ക്ക് കാരണം കാര്‍ഷിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച സര്‍ക്കാര്‍ നടപടിയാണെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന മുഖ്യആരോപണം. അതിനാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്.
കര്‍ഷക പ്രതിഷേധം തണുപ്പിക്കുന്നതിനായി സര്‍ക്കാര്‍ എസ്പി അടക്കമുള്ള 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും 7000 കോടിയുടെ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് സംഘര്‍ഷം ആളിക്കത്തിക്കുന്നതെന്ന നിലപാട് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ശേഷം ശക്തിപ്പെടുത്തിയിരിക്കുകയാണ് ബിജെപി. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ആഭ്യന്തര മന്ത്രാലത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യു നാലാം ദിവസവും തുടരുകയാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുക, കര്‍ഷക കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകരും സമരം ആരംഭിച്ചിട്ടുണ്ട്. കടബാധ്യത മൂലം ഒരു കര്‍ഷന്‍ കൂടി ആത്മഹത്യ ചെയ്തതോടെയാണ് സമരം ശക്തമാക്കിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കര്‍ഷകരുടെ തീരുമാനം.