മുസഫര്‍ നഗറില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് നീതി ലഭിച്ചില്ല: ആംനസ്റ്റി

Update: 2018-04-21 11:35 GMT
മുസഫര്‍ നഗറില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് നീതി ലഭിച്ചില്ല: ആംനസ്റ്റി
Advertising

മുസഫര്‍ നഗര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അന്വേഷണ റിപ്പോര്‍ട്ട്

മുസഫര്‍ നഗര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അന്വേഷണ റിപ്പോര്‍ട്ട്. ചില കേസുകളില്‍ അന്വേഷണ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരകളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന കലാപത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ 7 സ്ത്രീകളാണ് കേസുമായി മുന്നോട്ട് പോയത്. യഥാര്‍ത്ഥത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകളുടെ എണ്ണം ഇരട്ടിയിലധികമാണെന്നും ഭീഷണിയും മറ്റ് കാരണങ്ങളാലും മൂടി വെച്ചുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുവരെ പ്രതികളെ ചോദ്യം ചെയ്യാത്ത കേസുകളുണ്ട്. പ്രതികളെ സംരക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കം മുതല്‍ ശ്രമം ഉണ്ടായെന്നും വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും ഇരകള്‍ ഭയപ്പെടുകയാണെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. കേസ് പിന്‍വലിക്കാന്‍ അന്വേഷണസംഘം ഭീഷണിപ്പെടുത്തി. കൂട്ടബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. കേസിലെ അന്വേഷണം പൂര്‍ണമായും അവസാനിപ്പിച്ച അവസ്ഥയിലാണുള്ളത്. ഇരകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നടപടിക്രമം അന്വേഷണസംഘം പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

2013ല്‍ നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News