ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി
11 ജില്ലകളിലെ 52 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്
ഉത്തര്‍പ്രദേശില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. പതിനൊന്ന് ജില്ലകളിലായി 52 മണ്ഡലങ്ങളിലാണ് വിധി നിര്‍ണയിച്ചത്. അറുപത് ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്നതായാണ് അനൌദ്യോഗിക കണക്ക്. അമേത്തി, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ല തുടങ്ങിയ സുപ്രധാന മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും, എസ്പി കോണ്‍ഗ്രസ് സഖ്യത്തിനും നിര്‍ണ്ണായകമാണ്.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് തുടക്കത്തില്‍ മന്ദ ഗതിയിലായിരുന്നു. പതിനൊന്ന് മണിയോടെ വോട്ടര്‍മാര്‍ കൂടുതല്‍ ആവേശത്തോടെ പ്രതികരിച്ച് തുടങ്ങി. 27 ശതമാനം പോളിംഗ് പതിനൊന്ന് മണിവരെ നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഔദ്യോഗിക വിവരം. ഉച്ചയോടെ പോളിംഗ് നാല്‍പത് ശതമാനത്തിന് മുകളിലെത്തിയതായാണ് അനൌദ്യോഗികമായി ലഭിക്കുന്ന കണക്കുകള്‍. 2012ല്‍ മേഖലയില്‍ 57 ശതമാനം മാത്രമായിരുന്നു പോളിംഗ്. ഇത്തവണ അറുപത് ശതമാനത്തിന് മുകളിലേക്ക് പോളിംഗ് കടക്കുമെന്നാണ് കരുതപ്പെടുന്നത്. ഫൈസാബാദില്‍ എസ്പി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
എസ്പി സ്ഥാനാര്‍ത്ഥി അവധേഷ് പ്രസാദിനെ അക്രമിച്ച സംഭവത്തില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. 2012ല്‍ മേഖലയില്‍ 42 സീറ്റുകളിലും ജയിച്ചത് എസ്പിയും കോണ്‍ഗ്രസുമായിരുന്നു. അമേത്തിയില്‍ സഖ്യവെടിഞ്ഞ് ഇരു പാര്‍ട്ടികളും പര്സ്പരമാണ് മത്സരിക്കുന്നത്. അതിന്‍റെ നേട്ടം ബിജെപിക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഫൈസാബാദുള്‍പ്പെടേയുള്ള മേഖലയില്‍ ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപി പ്രചാരണം നടത്തിയത്. അതേസമയം 19 ശതമാനം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുന്നത് ലക്ഷ്യമിട്ട് 33 മുസ്ലിം സ്ഥാനാര്‍ത്ഥികളെയാണ് ബിഎസ്പിയും, എസ്പി-കോണ്‍ഗ്രസ് സഖ്യവും മത്സരിപ്പിക്കുന്നത്.
മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഹിന്ദുവിരുദ്ധമാണെന്ന് ബിജെപി
യുപി തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടന്നതോടെ ബിജെപിയുടെ പ്രചരണം കൂടുതല്‍ ധ്രുവീകരണമുണ്ടാക്കുന്നതായി ആരോപണം. ജനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ നേതാവുമില്ലാതെ ഒന്നാംഘട്ടം മുതല്‍ തപ്പിത്തടയുകയാണ് പാര്‍ട്ടി. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഹിന്ദുവിരുദ്ധമാണെന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനും ബിജെപി ശ്രമിക്കുന്നുണ്ട്.
65 വയസ്സുള്ള വയോജനങ്ങള്‍ക്കെതിരെ പോലും ബലാല്‍സംഗത്തിന് കേസെടുത്തുവെന്നായിരുന്നു ബിജെപി എംഎല്‍എ സുരേഷ് റാണയുടെ പ്രതികരണം. ഇക്കാര്യം നിയസഭയില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആശാറാം ബാപ്പുവിന് 72 വയസ്സുണ്ടെന്നാണ് അസംഖാന്‍ പ്രതികരിച്ചത്.