അര്‍ക്കി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ 15 ഗ്രാമങ്ങളുടെ തീരുമാനം
പ്രദേശത്ത് നിന്ന് ഗ്രാമീണരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതും പ്രതിഷേധത്തിന് കാരണമാണ്
ഹിമാചലില്‍ മുഖ്യമന്ത്രി വീരഭദ്രസിങ് മത്സരിക്കുന്ന അര്‍ക്കി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണഭീഷണിയും. ദര്‍ലാഗഡ് പ്രദേശത്ത് മാലിന്യം വിതയ്ക്കുന്ന സിമന്റ് ഫാക്ടറിക്കെതിരെ നടപടി എടുക്കാത്തത്തിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ 15 ഗ്രാമങ്ങള്‍ തീരുമാനിച്ചത്. പ്രദേശത്ത് നിന്ന് ഗ്രാമീണരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതും പ്രതിഷേധത്തിന് കാരണമാണ്.
അര്‍ക്കി മണ്ഡലത്തിലെ ദര്‍ലാഗഡില്‍ 2010 ലാണ് അംബുജാ സിമന്‍റ് ഫാക്ടറി ആരംഭിച്ചത്. ഗ്രാമീണരുടെ എതിര്‍പ്പിനെ അവഗണിച്ച് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഗ്രാമങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളും രൂക്ഷമായി. തങ്ങളെ പുനരധിവസിപ്പിക്കുകയോ ഫാക്ടറിക്കെതിരെ നടപടിയെടുക്കുകയോവേണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും പക്ഷെ സര്‍ക്കാരുകള്‍ ചെവികൊണ്ടില്ല. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരില്‍ കണ്ട് 15 ഗ്രാമക്കാരും അറിയിച്ചു.