പിഎന്‍ബി തട്ടിപ്പ് കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു
ബാങ്ക് ജനറല്‍ മാനേജര്‍ രാജേഷ് ജിണ്ടാലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്
പിഎന്‍ബി തട്ടിപ്പ് കേസില്‍ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് ജനറല്‍ മാനേജര്‍ രാജേഷ് ജിണ്ടാലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കേസില്‍ റെയ്ഡുകള്‍ ഇപ്പോഴും തുടരുകയാണ്.
രാത്രി ഏറെ വൈകിയാണ് ബാങ്ക് ജനറല്‍ മാനേജരായ രാജേഷ് ജിണ്ടാലിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. രാജേഷ് ജിണ്ടാല്‍ ബ്രാഡി ഹൌസ് ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന 2009 -2011 കാലഘട്ടത്തിലാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. പരിശോധനകളുടേയും ചോദ്യം ചെയ്യലിന്റെയും ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. വിപുല്‍ അംബാനിയടക്കം ഇവരില്‍ 6 പേര്‍ നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. തട്ടിപ്പമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകും. കേസില്‍ നീരവിന്റെയും ചോക്സിയുടേയും സ്ഥാപനങ്ങളിലെ റെയ്ഡ് തുടരുകയാണ്. അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടേയും സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അതിനിടെ തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് നിരവിന്റെ അഭിഭാഷകനും രംഗത്തെത്തി. നീരവ് കേസിന്റെ വിധിയും 2 ജി അഴിമതി കേസിന്റേതിന് സമാനമായിരിക്കുമെന്നും നീരവിന്റെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുമ്പോഴും വിദേശത്തേക്ക് കടന്ന 4 പ്രതികളും എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണസംഘങ്ങള്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല.