അഴിമതി ആരോപണങ്ങളുടെ തെളിവുകളുമായി കപില്‍ മിശ്രയുടെ പ്രദര്‍ശനം
ഡല്‍ഹി കോസ്റ്റിസ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്
ആംആദ്മി പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും എതിരെ അഴിമതി ആരോപണം ഉന്നയിച്ച കപില്‍മിശ്ര തെളിവുകളുടെ പ്രദര്‍ശനം നടത്തുന്നു. ഇതുവരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകളാണ് കപില്‍ മിശ്ര പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത്. ഡല്‍ഹി കോസ്റ്റിസ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് കൃത്യ നിര്‍വഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രിസഭയിലെ ജലവകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ കേജ്‍രിവാള്‍ പുറത്താക്കിയത്. പുറത്താക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ അഴിമതി ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിക്കുന്നത്. ആരോപണങ്ങളെ തള്ളിയ എഎപി, കപില്‍ മിശ്രയെ രൂക്ഷ ഭാഷയില്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അഴിമതി വിരുദ്ധ സംവിധാനം എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ കപില്‍ മിശ്ര തീരുമാനിച്ചത്.
പല അവസരങ്ങളിലായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച തെളിവുകളും പ്രദര്‍ശനത്തില്‍ ഉണ്ടാകും. പ്രദര്‍ശനത്തിന് ശേഷമായിരിക്കും ആരോപണങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കുക. കേജ്‍രിവാള്‍ അഴിമതി പണം കൈപറ്റി, കേജ്‍രിവാളിന്റെ അനുയായികള്‍ക്ക് വാട്ടര്‍ ടാങ്കര്‍ അഴിമതിയില്‍ പങ്കുണ്ട്. സംഭാവന തുക തെറ്റായി വെളിപ്പെടുത്തി, കള്ളപ്പണം വെളുപ്പിച്ചു. മൊഹല്ല ക്ലിനിക് പദ്ധതി അഴിമതിയില്‍ മൂങ്ങി,നേതാക്കള്‍ വിദേശ നടത്തിയത് അഴിമതി പണം കൊണ്ടാണ് തുടങ്ങിയവയായിരുന്നു കപില്‍ മിശ്രയുടെ ആരോപണങ്ങള്‍. കപില്‍ മിശ്രയുടെ പരാതിയില്‍ ഡല്‍ഹി അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണം തുടരുകയാണ്.ആരോപണങ്ങളില്‍ ചെറിയ സത്യമെങ്കിലും ഉണ്ടെങ്കില്‍ ജയിലില്‍ പോകാമെന്നാണ് കേജ്‍രിവാളിന്റെ മറുപടി.