ത്രിപുരയില്‍ കമ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കുന്നു, ഹിന്ദു രാജാക്കന്മാരെ കുറിച്ച് പഠിപ്പിക്കുന്നില്ല: സിലബസ് മാറ്റുമെന്ന് ബിപ്ലബ് ദേബ്

Update: 2018-04-25 03:15 GMT
Editor : Sithara
ത്രിപുരയില്‍ കമ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കുന്നു, ഹിന്ദു രാജാക്കന്മാരെ കുറിച്ച് പഠിപ്പിക്കുന്നില്ല: സിലബസ് മാറ്റുമെന്ന് ബിപ്ലബ് ദേബ്
Advertising

ഹിന്ദു രാജാക്കന്മാരെയും സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ച് പഠിപ്പിക്കാതെ കമ്യൂണിസ്റ്റ് ചരിത്രം മാത്രമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി

ത്രിപുരയിലെ സ്കൂളുകളിലെ സിലബസ് മാറ്റുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഹിന്ദു രാജാക്കന്മാരെയും സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ചുള്ള പാഠങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. 25 വര്‍ഷം ത്രിപുര ഭരിച്ച ഇടത് സര്‍ക്കാര്‍ സ്കൂളുകളില്‍ കമ്യൂണിസ്റ്റ് ചരിത്രമാണ് പഠിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ത്രിപുരയിലെ കുട്ടികളെ മാവോയെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്, എന്നാല്‍ ഹിന്ദുരാജാക്കന്‍മാരെക്കുറിച്ച് അവര്‍ ഒന്നും പഠിക്കുന്നില്ല. 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ റഷ്യന്‍ വിപ്ലവവും ഫ്രഞ്ച് വിപ്ലവവുമെല്ലാമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാള്‍ മാര്‍ക്‌സിനെയും ഹിറ്റ്‌ലറെയുമെല്ലാം കുറിച്ച് പാഠങ്ങളുണ്ട്. എന്നാല്‍ സുഭാഷ് ചന്ദ്ര ബോസിനെയോ റാണി ലക്ഷ്മി ഭായിയെയോ കുറിച്ച് പാഠങ്ങളില്ലെന്നും ബിപ്ലബ് കുമാര്‍ കുറ്റപ്പെടുത്തി.

എന്‍സിഇആര്‍ടി സിലബസ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്രിപുരയില്‍ 95 ശതമാനം സാക്ഷരതയുണ്ട്. സാക്ഷരതാ കണക്കില്‍ മുന്‍പിലായിട്ട് കാര്യമില്ല. വിദ്യാഭ്യാസ ഗുണനിലവാരം ഇനിയും ഉയരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മേശപ്പുറത്ത് ത്രിവര്‍ണ പതാക ഉണ്ടായിരുന്നില്ലെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News