ഉത്തര്‍പ്രദേശില്‍ നാലാംഘട്ട തെരഞ്ഞെടുപ്പ് നാളെ

Update: 2018-04-26 18:23 GMT
ഉത്തര്‍പ്രദേശില്‍ നാലാംഘട്ട തെരഞ്ഞെടുപ്പ് നാളെ
Advertising

12 ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്

ഉത്തര്‍പ്രദേശില്‍ നാലാംഘട്ട തെരഞ്ഞെടുപ്പ് നാളെ. 12 ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പാര്‍ട്ടികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്നും വിഭിന്നമായി പ്രകടമായ വര്‍ഗീയ പരാമര്‍ശങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു നാലാം ഘട്ടത്തിലെ പ്രചാരണം.

ഓരോ ഘട്ടം പിന്നിടും തോറും കൂടുതല്‍ ചൂട് പിടിക്കുകയാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് രംഗം. നാലാം ഘട്ടത്തിന്‍റെ പരസ്യ പ്രചാരണം അവസാനിപ്പിച്ച് കൊണ്ടുള്ള പരിപാടികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. ഇന്നലെ അലഹബാദില്‍ ഒരു കിലോമീറ്റര്‍ വ്യത്യാസത്തില്‍ രണ്ട് പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചാണ് എസ്പി, കോണ്‍ഗ്രസ് സഖ്യവും ബിജെപിയും പ്രചാരണത്തിന് കൊട്ടിക്കലാശം നല്‍കിയത്. അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ റോഡ് ഷോ. ഹിന്ദു ഏകീകരണത്തിന്‍റെ പ്രകടമായ ശ്രമങ്ങളുടെ ഭാഗമായി, ജയ് ശ്രീരാം, ഹര്‍ ഹര്‍ മോദി വിളികളുമായാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്.

പതിവ് പോലെ മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഖ്യത്തിന്‍റെ റോഡ് ഷോക്ക് നേതൃത്വം നല്‍കി. 12 ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ്. സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ സിറ്റിംഗ് എംപി അഖിലേഷ് സിംഗിന്‍റെ 28കാരിയായ മകള്‍ ആദിത്യ സിങ്ങാണ് മത്സരിക്കുന്നത്. 2012ല്‍ 53ല്‍ മുപ്പതിലും ജയിച്ചത് എസ്പി - കോണ്‍ഗ്രസ് സഖ്യമാണ്. 15 ഇടത്ത് ജയിച്ച ബിഎസ്പിയും ശക്തമായി തന്നെ രംഗത്തുണ്ട്. 2014ല്‍ മേഖലയില്‍ ഉണ്ടാക്കിയ നേട്ടം ആവര്‍ത്തിക്കാന്‍, തീവ്ര ഹിന്ദുത്വത്തിലൂന്നിയ പ്രചാരണം സഹായിക്കുമെന്ന കണക്ക്കൂട്ടലിലാണ് ബിജെപി.

Tags:    

Similar News