രജനീകാന്തും കമലഹാസനും ഡിഎംകെ വേദിയില്‍
ഡിഎംകെയില്‍ ചേരാന്‍ ഒരിക്കല്‍ കരുണാനിധി ക്ഷണിച്ചിരുന്നുവെന്ന് കമലഹാസന്‍ വേദിയില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവേശമെന്ന അഭ്യൂഹം നിലനില്‍ക്കെ അഭിനേതാക്കളായ കമലഹാസനും രജനീകാന്തും ഡിഎംകെ വേദിയില്‍. പാര്‍ട്ടി മുഖപത്രമായ മുരശൊലിയുടെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷ വേദിയിലാണ് ഇരുവരും എത്തിയത്.ചെന്നെ കലെ വാനരംഗത്തിലായിരുന്നു പരിപാടി.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഇഷ്ട നായകന്മാരായ രജനിയും കമലും രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായി ഇടപെട്ടു തുടങ്ങിയത് ഈ അടുത്തകാലത്താണ്. അണ്ണാ ഡിഎംകെ ഭരണത്തെ എതിര്‍ത്താണ് കമലഹാസന്‍ അടുത്തിടെ ശ്രദ്ധ നേടിയത്. രജനീകാന്തും രാഷ്ട്രീയ പ്രവേശമെന്ന ലക്ഷ്യം ചര്‍ച്ചയാക്കി രംഗത്തു വന്നിരുന്നു. ഇഷ്ടതാരങ്ങള്‍ ഏത് രാഷ്ട്രീയത്തിനൊപ്പമാണെന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരും ഡിഎംകെയുടെ വേദിയില്‍ എത്തിയത്.
ഡിഎംകെയില്‍ ചേരാന്‍ ഒരിക്കല്‍ കരുണാനിധി ക്ഷണിച്ചിരുന്നുവെന്ന് കമലഹാസന്‍ വേദിയില്‍ പറഞ്ഞു. 1983ല്‍ ടെലഗ്രാഫ് വഴിയാണ് കലൈഞ്ചര്‍ ദ്രാവിഡ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. അതിന് ഇനിയും മറുപടി നല്‍കിയിട്ടില്ല. പിന്നീട് ഒരിക്കലും ഇതേക്കുറിച്ച് ചോദിക്കാതിരുന്നതാണ് കരുണാനിധിയുടെ മഹത്വമെന്നും കമലഹാസന്‍ പറഞ്ഞു.
കമലഹാസന്‍ വേദിയിലിരുന്നപ്പോള്‍ രജനിയും പ്രഭുവും കാഴ്ചക്കാരുടെ ഒപ്പമായിരുന്നു.കരുണാനിധി കുടുംബവുമായുള്ള അടുപ്പത്തിന്റെ ഭാഗമായാണ് ചടങ്ങിന് എത്തിയതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് രജനിയോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ചടങ്ങില്‍ പങ്കെടുത്തെങ്കിലും രജനിയും പ്രഭുവും ജനങ്ങളെ അഭിസംബോധന ചെയ്തില്ല. ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.