കളി പശുവിനോട് വേണ്ട; മോദി വിവരമറിയുമെന്ന് ഹിന്ദു മഹാസഭ
ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം ആഞ്ഞടിച്ചതോടെ പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം പാടില്ലെന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹിന്ദുത്വ സംഘടകള്‍ കൂട്ടത്തോടെ രംഗത്തുവരുന്നതായി റിപ്പോര്‍ട്ട്.
ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം ആഞ്ഞടിച്ചതോടെ പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം പാടില്ലെന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ കൂട്ടത്തോടെ രംഗത്തുവരുന്നതായി റിപ്പോര്‍ട്ട്. പശു സംരക്ഷകര്‍ക്കെതിരെ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് 2019 ലെ തെരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ താക്കീതിനു പിന്നാലെ അഖില ഭാരത ഹിന്ദു മഹാസഭയും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നു. മോദിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹിന്ദു മഹാസഭ ആലോചിക്കുന്നതായാണ് വിവരം. ഗോ രക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ 80 ശതമാനവും രാത്രിയില്‍ സാമൂഹ്യവിരുദ്ധരാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ഹിന്ദു മഹാസഭ നോട്ടീസ് നല്‍കാന്‍ ആലോചിക്കുന്നത്. മോദിക്ക് പ്രധാനമന്ത്രിയായിരിക്കാന്‍ അര്‍ഹതയില്ലെന്നും 2004 ല്‍ വാജ്പേയിക്ക് സംഭവിച്ച തിരിച്ചടി മോദിയും നേരിടുമെന്നും ഹിന്ദു മഹാസഭ പറഞ്ഞു. മോദിയുടെ ബുദ്ധി തെളിയാന്‍ രാജ്യത്തുടനീളം പ്രത്യേക പൂജകള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൌഷിക് കൂട്ടിച്ചേര്‍ത്തു. ഇതേസമയം, എന്തിന്റെ പേരിലായാലും ആര്‍ക്കും നിയമം കയ്യിലെടുക്കാനുള്ള അവകാശമില്ലെന്ന പ്രഖ്യാപനവുമായി ആര്‍എസ്എസ് മോദിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.