'യുവജനതയില്‍ ഒരു വിഭാഗം ഇടതുസര്‍ക്കാരിന് എതിര്'- ത്രിപുര സി പിഎം സെക്രട്ടറി
ബിജെപിയോട് അടുക്കുന്നതില്‍ നിന്ന് യുവതലമുറയെ പിന്തിരിപ്പിക്കാന്‍ ആവശ്യമായത് ചെയ്യുന്നുണ്ടെന്നും ബിജന്‍ ദര്‍
ത്രിപുരയില്‍ യുവതലമുറയില്‍ ഒരു വിഭാഗം ഇടത് സര്‍ക്കാരിനെതിരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ബിജന്‍ ദര്‍ മീഡിയവണ്ണിനോട്. എന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞടുപ്പില്‍ ഭരണ വിരുദ്ധവികാരമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ബിജെപിയോട് അടുക്കുന്നതില്‍ നിന്ന് യുവതലമുറയെ പിന്തിരിപ്പിക്കാന്‍ ആവശ്യമായത് ചെയ്യുന്നുണ്ടെന്നും ബിജന്‍ ദര്‍ വ്യക്തമാക്കി. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തും.
ത്രിപുര തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ബിജന്‍ ദറിന്‍റെ പ്രതികരണങ്ങള്‍. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. എന്നാല്‍ യുവാക്കളില്‍ ഒരു വിഭാഗം ത്രിപുരയിലും മാറ്റത്തിനായി വാദിക്കുന്നുണ്ട് . അത് സ്വാഭാവികമാണ്. ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമം സിപിഎം നടത്തുന്നുണ്ടെന്നും ബി ജന്‍ ദര്‍ പറഞ്ഞു.
സംസ്ഥാനത്ത് സര്‍വ്വ സന്നാഹങ്ങളുമയി പ്രചാരണം നടത്തുന്ന ബി ജെ പിയുടെ പ്രചാരണ രംഗത്ത് യുവസാന്നിധ്യം കാര്യമായുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് സിപി എം സെക്രട്ടറിയുടെ ശ്രദ്ധേയ പരാമര്‍ശം. ഇത്തവണ പോരാട്ടം ത്രിപുരക്ക് വേണ്ടി മാത്രമല്ലെന്നും രാജ്യത്ത് തന്നെ ഇടത് പക്ഷ ബദലിന് വേണ്ടി കൂടിയാണെന്നും ബിജന്‍ ദര്‍ പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിലും ത്രിണമൂലിലും മുള്ള സമാധാനകാക്ഷികള്‍ ഇത്തവണ സി പി എമ്മിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.