കശാപ്പ് നിയന്ത്രണ കരടില്‍ 'വെള്ളം ചേര്‍ത്ത്' കേന്ദ്രം; കശാപ്പെന്ന വാക്ക് പോലും ഒഴിവാക്കി

Update: 2018-04-29 18:22 GMT
കശാപ്പ് നിയന്ത്രണ കരടില്‍ 'വെള്ളം ചേര്‍ത്ത്' കേന്ദ്രം; കശാപ്പെന്ന വാക്ക് പോലും ഒഴിവാക്കി
Advertising

കശാപ്പിനായല്ല കന്നുകാലികളെ വില്‍ക്കുന്നത് എന്ന സാക്ഷ്യപത്രം വേണമെന്ന ഉപാധി നീക്കി

കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് ചട്ടമിറക്കി. കശപ്പിനായല്ല കന്നുകാലികളെ വില്‍ക്കുന്നത് എന്ന സാക്ഷ്യപത്രം വേണമെന്ന ഉപാധി നീക്കി. അതിര്‍ത്തികളില്‍ കന്നുകാലി ചന്ത പാടില്ലെന്ന വ്യവസ്ഥയും ഒഴിവാക്കി. കരട് ചട്ടത്തിന്‍റെ പേരില്‍ കശാപ്പ് എന്ന വാക്കും ഉപയോഗിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം മെയ് 23 നാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദമായ കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് രാജ്യത്തെമ്പാടും വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മൃഗങ്ങളോട്, പ്രത്യേകിച്ച് കന്നുകാലികള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള ചട്ടം എന്നത് മാത്രമാണ് പുതുക്കിയ കരടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 30 ദിവസത്തിനകം പുതുക്കിയ കരടില്‍ പൊതുജനാഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വെബ്‍സൈറ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. പുതുക്കിയ കരടില്‍ ബന്ധപ്പെട്ട മേഖലയില്‍ തൊഴിലെടുക്കുന്നവരുടെയും വിദഗ്ധരുടെയും പൊതുജനങ്ങളുടെയുമൊക്കെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക.

Tags:    

Similar News