മധുരയില്‍ ജലവില്‍പന ലാഭം കൊയ്യുന്ന ബിസിനസാണ്

Update: 2018-05-01 13:38 GMT
മധുരയില്‍ ജലവില്‍പന ലാഭം കൊയ്യുന്ന ബിസിനസാണ്
Advertising

നഗരസഭയില്‍ നിന്നുള്ള വെള്ളം ആഴ്ചയില്‍ ഒരു തവണ മാത്രമാണ് കോളനിയിലെത്തുന്നത്

വേനല്‍ കടുത്തതോടെ കേരളത്തില്‍ മാത്രമല്ല അന്യസംസ്ഥാനങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. കുടിവെള്ളത്തിനായി പൈപ്പിന്‍ ചുവട്ടിലും വെള്ള വണ്ടിക്ക് വേണ്ടിയും മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥ, പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ വെള്ളമില്ലാത്ത സാഹചര്യം. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നു, അല്ലെങ്കില്‍ വെള്ളം വില കൊടുത്തുവാങ്ങേണ്ടി വരുന്നു. തമിഴ്നാട്ടിലെ മധുരയില്‍ ജലവില്‍പന ലാഭകരമായ ബിസിനസായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കോളനി പ്രദേശങ്ങളാണ് ഭൂരിഭാഗവും ജലക്ഷാമത്തില്‍ നട്ടം തിരിയുന്നത്. 15 ലിറ്റര്‍ വെള്ളത്തിന് 10 രൂപ വരെ ഇവിടെ ജലവിതരണം നടത്തുന്നവര്‍ ഈടാക്കുന്നു.

നഗരസഭയില്‍ നിന്നുള്ള വെള്ളം ആഴ്ചയില്‍ ഒരു തവണ മാത്രമാണ് കോളനിയിലെത്തുന്നത്. എല്ലാ ഞായറാഴ്ചയും വൈകിട്ട് കോര്‍പ്പറേഷന്റെ ജലവിതരണ വണ്ടിയെത്തും. അപ്പോള്‍ വെള്ളത്തിനായി ഒരു നീണ്ട നിര തന്നെ കോളനിയില്‍ രൂപപ്പെടും. എല്ലാവര്‍ക്കും വെള്ളം കിട്ടിയെന്നു വരില്ല. കിട്ടിയവര്‍ക്ക് നിധി കിട്ടിയ സന്തോഷം. മധുരയില്‍ ലൈസന്‍സില്ലാത്ത നിരവധി സ്വകാര്യ കമ്പനികള്‍ ഹോട്ടലുകളിലേക്ക് മറ്റും വെള്ളം വിതരണം ചെയ്യുന്നുണ്ട്.

അറുപതുകാരിയും വിധവയുമായ ഉമാദേവിയുടെ മാസവരുമാനം ആകെ 3,000 രൂപയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി വെള്ളം വാങ്ങാന്‍ മാസം 700 രൂപ ചെലവഴിക്കേണ്ടി വന്നു. വെള്ളത്തിന് നികുതി കൊടുക്കുന്നതല്ലാതെ വെള്ളം കിട്ടാറില്ലെന്ന് ഉമാദേവിയുടെ സുഹൃത്ത് വിജയലക്ഷ്മി പറയുന്നു. നഗരത്തിലെ ജലക്ഷാമമൊന്നും മധുര കോര്‍പ്പറേഷന്റെ കണ്ണില്‍ ഇതുവരെയും പെട്ടിട്ടില്ല. ജലക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭയുടെ ഭാഗത്തു നിന്നും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്.

Tags:    

Similar News