നിര്‍ഭയ കേസിലെ നിര്‍ണായകവിധി അറിയാതെ കുട്ടിക്കുറ്റവാളി; ഇപ്പോള്‍ പാചകക്കാരന്‍

Update: 2018-05-02 08:26 GMT
Editor : Sithara
നിര്‍ഭയ കേസിലെ നിര്‍ണായകവിധി അറിയാതെ കുട്ടിക്കുറ്റവാളി; ഇപ്പോള്‍ പാചകക്കാരന്‍
Advertising

ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി പാചകക്കാരനായി ജോലി ചെയ്യുകയാണ് അയാളെന്ന് പുനരധിവാസം ഏറ്റെടുത്ത എന്‍ജിഒ

നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ച വാര്‍ത്ത അറിയാതെ പാചകക്കാരനായി ജോലിചെയ്യുകയാണ് കേസിലെ കുട്ടിക്കുറ്റവാളി. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് പുറത്തിറങ്ങി പുതിയ ജീവിതം നയിക്കുകയാണ് അയാള്‍. ഇപ്പോള്‍ അയാള്‍ക്ക് 23 വയസ്സ്.

തന്നെ ആള്‍ക്കൂട്ടം വളഞ്ഞിട്ടാക്രമിക്കുമെന്ന ഭയം മോചനം നേടിയ കാലത്ത് അയാള്‍ക്കുണ്ടായിരുന്നുവെന്ന് പുനരധിവാസം ഏറ്റെടുത്ത സന്നദ്ധ സംഘടനയുടെ പ്രതിനിധികള്‍ പറഞ്ഞു. അതുകൊണ്ട് രാജ്യത്തിന്‍റെ തെക്കുഭാഗത്തേക്കാണ് അയാളെ അയച്ചത്. ജോലി നല്‍കിയവര്‍ക്കുപോലും അയാളുടെ ഭൂതകാലം അറിയില്ല. ജുവനൈല്‍ ഹോമില്‍ നിന്ന് പുതിയ മനുഷ്യനായാണ് അയാള്‍ പുറത്തിറങ്ങിയതെന്നും തീര്‍ത്തും ശാന്തമായ ജീവിതമാണ് നയിക്കുന്നതെന്നും എന്‍ജിഒ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നത്തെ കോടതി വിധി അയാള്‍ അറിഞ്ഞിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.

2015 ഡിസംബര്‍ 20ന് ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷം പാചകക്കാരനായി എന്നല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ജിഒ ഭാരവാഹികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടാല്‍ അയാളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നാണ് എന്‍ജിഒ ഭാരവാഹികളുടെ ഭയം.

തീര്‍ത്തും ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നും 11ആം വയസ്സിലാണ് ഇയാള്‍ വീടുവിട്ട് ഡല്‍ഹിയിലെത്തിയത്. അങ്ങനെയാണ് നിര്‍ഭയ കേസില്‍ ആത്മഹത്യ ചെയ്ത പ്രതി രാം സിങുമായി പരിചയപ്പെട്ടത്. രാം സിങ് ഡ്രൈവറായ ബസ് വൃത്തിയാക്കലായിരുന്നു ജോലി. നിര്‍ഭയ ആക്രമിക്കപ്പെട്ട ആ രാത്രിയിലും ഇയാള്‍ ബസ്സിലുണ്ടായിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ചവരില്‍ ഇയാളുമുണ്ടായിരുന്നു. പക്ഷേ ജുവനൈല്‍ ഹോമിലെത്തിയ ശേഷം പ്രാര്‍ഥനയും മറ്റുമായി ഇയാള്‍ ശാന്തമായ ജീവിതമാണ് നയിച്ചതെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ പ്രായത്തിന്‍റെ ആനുകൂല്യം നല്‍കി ഇയാളെ വെറുതെവിട്ടതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കള്‍ പ്രതിഷേധിച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News