ഗൌരി ലങ്കേഷിന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു

Update: 2018-05-03 17:49 GMT
Editor : Jaisy
ഗൌരി ലങ്കേഷിന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു
Advertising

പുതുതായി 44 ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി

മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. പുതുതായി 44 ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. അതിനിടെ എഴുത്തുകാരടക്കം 35 പേര്‍ക്ക് സുരക്ഷ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി.

രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം 44 പേരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ വിവധ ഗ്രൂപ്പുകളായി തിരിച്ച് അന്വേഷണ ചുമതലകള്‍ വീതിച്ചു നല്‍കി. സംഘത്തലവന്‍ ഇന്റലിജന്‍സ് ഐജി ബികെ സിങ്ങിനോട് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി നിരന്തരമായി അന്വേഷണ വിശദാംശങ്ങള്‍ ആരായുന്നുണ്ട്. ഇന്ന് ബംഗ്ലുരുവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രി വിളിച്ചു ചേര്‍ത്തു. ഗൌരി ലങ്കേഷിന്റെ കൊലയാളികള്‍ സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായവും കര്‍ണാടക തേടി. കല്‍ബുര്‍ഗി വധകേസ് അന്വേഷിക്കുന്ന സംഘവും എസ്ഐടിയോട് സഹകരിച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. രണ്ട് കൊലപാതകങ്ങള്‍ക്കും സാമ്യതയുള്ളതിനാലാണിത്. കെ എസ് ഭഗവാന്‍, ഗിരീഷ് കര്‍ണാടക് അടക്കം 35 പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും സുരക്ഷ നല്‍കാനാണ് നിര്‍ദേശം. രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്കെല്ലാം ഗണ്‍മാന്‍മാരെ അനുവദിക്കാനാണ് തീരുമാനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News