ബുര്‍ഹാന്‍ വാനിയെ സൈന്യം കൊല്ലപ്പെടുത്തിയിട്ട് ഒരു വര്‍ഷം; ജമ്മുകശ്മീരില്‍ കനത്ത ജാഗ്രത

Update: 2018-05-06 15:24 GMT
ബുര്‍ഹാന്‍ വാനിയെ സൈന്യം കൊല്ലപ്പെടുത്തിയിട്ട് ഒരു വര്‍ഷം; ജമ്മുകശ്മീരില്‍ കനത്ത ജാഗ്രത
Advertising

ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. ബന്ദിപ്പോരയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടറായിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം കൊല്ലപ്പെടുത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി കശ്മീരില്‍ കൂടുതല്‍ സുരക്ഷസേനയെ നിയോഗിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്.

2016 ജൂലൈ 8നാണ് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് കശ്മീരില്‍ ആരംഭിച്ച സംഘര്‍ഷത്തിന് ഒരു കൊല്ലം കഴിഞ്ഞിട്ടും യാതൊരു കുറവും വന്നിട്ടില്ല. ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തില്‍ നൂറോളം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിഘടനവാദ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ ആഹ്വാനം ചെയ്ത പശ്ചാത്തത്തില്‍ സൈന്യം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൊബൈല്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദ് ചെയ്തു. ഹിസ്ബുല്‍ മുജാഹിദീന്‍റെ നേതൃത്വത്തില്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കശ്മീരില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്.

പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷസേനയെ നിയോഗിച്ചിട്ടുണ്ട്. ഹുറിയത്ത് കോണ്‍ഫറന്‍സിന്‍റെ ചെയര്‍മാന്‍ സയ്ദ് അലി ഷാ ഗീലാനിയടക്കം പ്രമുഖ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ഹുറിയത്തിന്‍റെ പ്രാദേശിക നേതാക്കളെ അടക്കം നൂറ് കണക്കിന് ആളുകളെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. അതിനിടെ ഇന്നലെ വെളളിയാഴ്ച നമസ്കാരത്തിന് ശേഷം വിവിധയിടങ്ങളില്‍ സൈന്യത്തിനെതിരെ കല്ലേറ് നടന്നിരുന്നു.

Tags:    

Similar News