ചാരപ്രവര്‍ത്തനം: പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാന്‍ നിര്‍ദേശം

Update: 2018-05-07 09:09 GMT
ചാരപ്രവര്‍ത്തനം: പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാന്‍ നിര്‍ദേശം
Advertising

നയതന്ത്ര പരിരക്ഷ പരിഗണിച്ചാണ് വിട്ടയച്ചത്.

ചാരവ്യത്തി ആരോപിച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ വിട്ട് പോകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഐഎസ്ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത രണ്ട് രാജസ്ഥാന്‍ സ്വദേശികളെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരിലെ അബ്ദുല്ലിയാനില്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ വെടിവെപ്പ് തുടരുകയാണ്


ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫിസിലെ ജീവനക്കാരനായ മുഹമ്മദ് അക്തറിനെയാണ് ഡല്‍ഹി പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിരോധരേഖകള്‍ ചോര്‍ത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അക്തറിന്റെ പക്കല്‍ നിന്ന് ഇന്ത്യന്‍ സൈനികപോസ്റ്റുകളുടെ ചിത്രങ്ങളും സൈനീക വിന്യാസത്തിന്റെ രേഖാചിത്രങ്ങളും പിടിച്ചെടുത്തു

പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം നയതന്ത്രപരിരക്ഷ മുന്‍നിര്‍ത്തി വിട്ടയച്ച അക്തറിനോട് ഇന്ത്യ വിട്ട് പോകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഐഎസ്ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ സ്വദേശികളാണ് അക്തറിന് രഹസ്യ വിവരങ്ങള്‍ കൈമാറിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ബാസിത്തിനെ വിളിച്ച് വരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു. അതിര്‍ത്തിയില്‍‌ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുകയാണ്. കഴിഞ്ഞ 6 ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് സൈനികരാണ് പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ആര്‍എസ്പുര, അര്‍നിയ സെക്ടറുകളില്‍ വെടിവെപ്പ് തുടരുകയാണ്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ആഭ്യന്തരമന്ത്രാലവും പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്

Tags:    

Similar News