രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് പ്രണബ് മുഖര്‍ജി
ഒരു പുസ്തകം എഴുതിത്തീര്‍ക്കുന്നതിന്‍റെ തിരക്കിലാണ് അദ്ദേഹം
ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നില്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ഉപദേശക സ്ഥാനത്ത് എത്തുമെന്നുമുള്ള വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
രാഷ്ട്രീയത്തില്‍ സജീവമാകുമോ എന്ന ചോദ്യം അപ്രസക്തമാണെന്നാണ് പ്രണബ് മുഖര്‍ജിയുടെ പ്രതികരണം. സമയമെടുത്താണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും സ്വയം വിച്ഛേദിച്ചത്. ഇനി തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രണബ് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകണമെന്നാണ് ഭരണ പ്രതിപക്ഷ നേതാക്കളുടെ ആഗ്രഹം. ഭരണ പക്ഷത്തു നിന്ന് രാജ്‌നാഥ് സിങ്, പീയുഷ് ഗോയല്‍, കല്‍രാജ് മിശ്ര, രവി ശങ്കര്‍ പ്രസാദ് എന്നിവര്‍ ഇതിനകം പ്രണബിനെ ഈ ആവശ്യവുമായി കണ്ടുകഴിഞ്ഞു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രണബിനെ കാണാനെത്തിയിരുന്നു.
ഒരു പുസ്തകം എഴുതിത്തീര്‍ക്കുന്നതിന്‍റെ തിരക്കിലാണ് അദ്ദേഹം. ഒക്ടോബറിലാണ് പുസ്തകത്തിന്റെ പ്രകാശനം തീരുമാനിച്ചിരിക്കുന്നത്.