അശ്ലീല കമന്റ് പറഞ്ഞ അധ്യാപകനോടുള്ള ആ പെണ്‍കുട്ടികളുടെ പ്രതികരണം ഇങ്ങിനെയായിരുന്നു
പ്രതീക്ഷയുടെ ഈ പ്രവൃത്തി ചിലരില്‍ അലോസരമുണ്ടാക്കിയെങ്കിലും ഭുരിഭാഗം പേരും പിന്തുണക്കുകയാണ് ചെയ്തത്
റോഡിലൂടെ നടന്നു പോകുമ്പോള്‍ ആരെങ്കിലും അശ്ലീല കമന്റ് പറഞ്ഞാല്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതി ഭൂരിഭാഗം പെണ്‍കുട്ടികളും അവഗണിക്കുകയാണ് പതിവ്. ചിലരാകട്ടെ പ്രതികരിക്കും. ഒഡിഷ സ്വദേശിനിയായ പ്രതീക്ഷ ആചാര്യക്കും തന്നോട് അശ്ലീല കമന്റ് പറഞ്ഞ ആളെ വെറുതെ വിടാന്‍ തോന്നിയില്ല, അതും ഒരു അധ്യാപകന്‍. കൂട്ടുകാരികളെ കൂട്ടി വന്ന് അയാളെ റോഡിലിട്ട് മുളവടി ഉപയോഗിച്ച് തല്ലുക തന്നെ ചെയ്തു. പ്രതീക്ഷയുടെ ഈ പ്രവൃത്തി ചിലരില്‍ അലോസരമുണ്ടാക്കിയെങ്കിലും ഭുരിഭാഗം പേരും പിന്തുണക്കുകയാണ് ചെയ്തത്.
ഭുവനേശ്വരിലെ പ്രതീക്ഷ ആചാര്യയാണ് ഈ മിടുക്കിക്കുട്ടി. ഉത്കല്‍ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കൂട്ടുകാരികളെ കണ്ട് ശേഷം സമീപമുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു പ്രതീക്ഷയോട് റോഡില്‍ ബൈക്കിലിരുന്ന ബിനോദ് കുമാര്‍ സാഹു(50) എന്ന അധ്യാപകന്‍ അശ്ലീലം പറയുകയായിരുന്നു. അയാളോടൊപ്പം ബൈക്കില്‍ ചെല്ലാന്‍ സാഹു ആവശ്യപ്പെട്ടതായി പ്രതീക്ഷ പറഞ്ഞു. ദേഷ്യം വന്ന പ്രതീക്ഷ സുഹൃത്തായ അര്‍പ്പിതയെ വിളിച്ചു. അര്‍പ്പിത സ്ഥലത്തെത്തുമ്പോഴേക്കും സാഹു അവിടെ നിന്നും പോയിരുന്നു. കുറെ നേരത്തെ തിരച്ചിലിന് ശേഷം പാനി ടങ്കി റോഡില്‍ വച്ച് കണ്ടുമുട്ടി. കയ്യില്‍ മുളവടിയുമായി എത്തിയ അര്‍പ്പിതയും പ്രതീക്ഷയും റോഡിലിട്ട് അയാളെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം 2,800 ഷെയറുകള്‍ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സാഹുവിനെ അറസ്റ്റ് ചെയ്തതായി ഭുവനേശ്വര്‍ ഡപ്യൂട്ടി കമ്മീഷണര്‍ സത്യവ്രത ഭോയ് അറിയിച്ചു.