ത്രി ഇഡിയറ്റ്‌സിലെ ആമിര്‍ ഖാന്‍ കഥാപാത്രം ഫുന്‍സുക് വാങ്ക്ഡുവിന് പ്രചോദനമേകിയ ലെയിലെ എഞ്ചിനീയര്‍ക്ക് റോളെക്സ് പുരസ്കാരം
ജലക്ഷാമത്തിന് അറുതി വരുത്താനുള്ള ഐസ് സ്തൂപ പദ്ധതിയാണ് സോനത്തിന് പുരസ്‌കാരം നേടികൊടുത്തത്.
2009ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ത്രി ഇഡിയറ്റ്‌സിലെ ആമിര്‍ ഖാന്‍ കഥാപാത്രം ഫുന്‍സുക് വാങ്ക്ഡു കഥാപാത്രത്തിന് പ്രചോദനമേകിയ ലെയിലെ എഞ്ചിനീയര്‍ സോനം വാങ്ങ്ചുക്കിന് റോളെക്സ് പുരസ്കാരം. ജലക്ഷാമത്തിന് അറുതി വരുത്താനുള്ള ഐസ് സ്തൂപ പദ്ധതിയാണ് സോനത്തിന് പുരസ്‌കാരം നേടികൊടുത്തത്. പടിഞ്ഞാറാന്‍ ഹിമാലയനിരകളിലെ തരിശുഭൂമികളില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് നേരിടുന്ന ജലക്ഷാമം പരിഹരിക്കുകയാണ് ഐസ് സ്തൂപങ്ങളിലൂടെ അമ്പതുകാരനായ സോനം ലക്ഷ്യമിടുന്നത്.
നൂതന ആശയങ്ങളുമായി ലോകത്തെ മാറ്റിമറിച്ചവര്‍ക്ക് ലഭിക്കുന്ന പുരസ്‌കാരമാണ് റൊളെക്‌സ്. ഈ വര്‍ഷം പുരസ്‌കാരം നേടിയത് അഞ്ച് പേരാണ് . പുരസ്‌കാര ദാനചടങ്ങ് ചൊവ്വാഴ്ച്ച ലോസ് ആഞ്ചല്‍സില്‍ നടന്നു.
വിളകള്‍ ഇറക്കുന്ന ഏപ്രില്‍ മേയ് മാസങ്ങളില്‍ കുന്‍ലുനിനും ഗ്രേറ്റര്‍ ഹിമാലായ മലനിരകള്‍ക്കും ഇടയലിള്ള ലഡാക്ക് മേഖലകളില്‍ കടുത്ത ജലക്ഷാമമാണ്. സമുദ്രനിരപ്പില്‍ നിന്നും 3,500 കിലോമീറ്റര്‍ ഉയരെയാണ് പ്രദേശം. ഹിമാലയന്‍ മലനിരകളില്‍ നിന്നും വരുന്ന വലിയ തോതിലുള്ള ഹിമജലം ഐസ്‌കട്ടകളാക്കി മാറ്റിയാല്‍ ലഡാക്കിലെ ഉയര്‍ന്ന മേഖലകളിലുള്ള പട്ടണങ്ങളിലേയും നഗരങ്ങളിലേയും ജലക്ഷാമത്തിന് അറുതി വരുത്താന്‍ സാധിക്കുമെന്ന് സോനം കരുതുന്നു.സഹപ്രവര്‍ത്തകനായ മറ്റൊരു എഞ്ചിനീയര്‍ ചെവാങ് നോര്‍ഫെലില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് സോനം ഐസ് സ്തൂപ നിര്‍മ്മാണം ആരംഭിച്ചത്. കോണാകൃതിയിലാണ് ഐസ് സ്തൂപങ്ങള്‍. കൃഷിയിറക്കുന്ന സമയത്ത് ആവശ്യമായ ജലം നല്‍കാന്‍ ഏറെ സഹായകരമാണ് ചെറു ഹിമാനികള്‍ക്ക് സമാനമായ ഈ സ്തൂപങ്ങള്‍.
ലഡാക്കില്‍ 30 മീറ്റര്‍ ഉയരത്തിലുള്ള ഇരുപതോളം ഐസ് സ്തൂപങ്ങള്‍ നിര്‍മ്മിക്കാനാണ് സോനത്തിന്റെ പദ്ധതി. പുരസ്‌കാരം പദ്ധതിക്ക് ഏറെ പ്രചോദനമേകുന്നതാണെന്ന് സോനം പ്രതികരിച്ചതായി റൊളെക്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുവസമൂഹത്തെ പരിസ്ഥിതിയുമായി ചങ്ങാത്തത്തിലാക്കുന്ന ഒരു പ്രത്യേക സര്‍വകലാശാലയാണ് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സോനത്തിന്റെ ലക്ഷ്യം ഇതിനായി ലഡാക്കിലെ 65 ഹെക്ടര്‍ വരുന്ന സ്ഥലത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.