എതിര്‍പ്പിനിടെ ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ പാസ്സാക്കാന്‍ കേന്ദ്രശ്രമം
വിശദമായ പരിശോധനയും ചര്‍ച്ചയും കൂടാതെ ബില്‍ തിടുക്കത്തില്‍ പാസ്സാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം
എതിര്‍പ്പുകള്‍ മറികടന്ന് ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസ്സാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. വിശദമായ പരിശോധനയും ചര്‍ച്ചയും കൂടാതെ ബില്‍ തിടുക്കത്തില്‍ പാസ്സാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ക്ക് മേല്‍ ഇന്ത്യയിലുള്ള അവരുടെ അനന്തരാവകാശികള്‍ക്ക് പോലും മുന്‍കാല പ്രാബല്യത്തോടെ അവകാശം നിഷേധിക്കുന്നതാണ് ഈ നിയമ ഭേദഗതി.
1962ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നാണ് ശത്രു സ്വത്ത് നിയമത്തെ ക്കുറിച്ചുള്ള വിശദീകരണം. 1968ലാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. പക്ഷേ ഇന്ത്യ - പാകിസ്താന്‍ വിഭജന സമയത്ത് പാകിസ്താനിലേക്ക് പോയവരുടെ സ്വത്തുക്കളും ഈ വകയില്‍ സര്‍ക്കാര്‍ നിയോഗിച്ച സൂക്ഷിപ്പുകാരന്റെ നിയന്ത്രണത്തിലായിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുവകകളാണ് ഇപ്രകാരം സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയത്.
എന്നാല്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് ഉടമസ്ഥരുടെ ഇന്ത്യക്കാരായ അനന്തരാവകാശികള്‍ കോടതികളെ സമീപിക്കുകയും 2005 ല്‍ ഇത്തരമൊരു കേസില്‍ സുപ്രീംകോടതി ഹരജിക്കാരന്‍ അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെയാണ് നിയമത്തില്‍ ഭേദഗതി വേണമെന്ന ആലോചനകള്‍ ആരംഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ബില്‍ ലോകസഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ വിശദ പരിശോധന വേണമെന്ന ആവശ്യം ശക്തമായതോടെ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.
നിരവധി പാര്‍ട്ടികളുടെയും ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളുടെയും വിയോജനക്കുറിപ്പുകളും ഭേദഗതി നിര്‍ദേശങ്ങളും കഴിഞ്ഞ സമ്മേളനത്തില്‍ സഭയില്‍ വെച്ച സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സൂക്ഷിപ്പുകാരുടെയും അനന്തരാവകാശികളുടെയും കയ്യിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനോ ഉപയോഗിക്കാനോ കഴിയില്ലെന്നിരിക്കെ ഒരു തരത്തില്‍ ബില്ല് ഗുണകരമാണ്. എന്നാല്‍ എല്ലാ സ്വത്തും ഒരേ ഗണത്തില്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്.