സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ ജയലളിത നേടിയത് രാഷ്ട്രീയത്തിനതീതമായ പിന്തുണ
അഴിമതി ആരോപണങ്ങള്‍ ഏറെ നേരിടുന്നുവെങ്കിലും ജനമനസ്സുകളില്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്ഥാനം ഏറെ മുകളിലാണ്.
അഴിമതി ആരോപണങ്ങള്‍ ഏറെ നേരിടുന്നുവെങ്കിലും ജനമനസ്സുകളില്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്ഥാനം ഏറെ മുകളിലാണ്. കാമരാജും എംജിആറും തുറന്നിട്ട വഴികളിലൂടെ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയത് രാഷ്ട്രീയത്തിനതീതമായ പിന്തുണ ആര്‍ജ്ജിക്കാന്‍ സഹായിച്ചു. ഈ സാമൂഹ്യക്ഷേമ പദ്ധതികളില്‍ നവീനമാണ് അമ്മ ഭക്ഷണശാലകളും അമ്മ കുപ്പിവെള്ളവും.
ഒരു ഇഡ്ഡലി ഒരു രൂപ, രണ്ട് ചപ്പാത്തിക്ക് മൂന്ന് രൂപ, തൈര് സാദം വെറും അഞ്ച് രൂപ അമ്മ ഉണവകം അഥവാ അമ്മ ഭക്ഷണശാലയിലെ നിരക്കാണ്.
പട്ടിണി കിടക്കണമെങ്കില്‍ പോലും കാശ് കൊടുക്കേണ്ടി വരുന്ന ചെന്നെയെന്ന മെട്രോ നഗരത്തില്‍ ഈ നിരക്കില്‍ ഭക്ഷണം കിട്ടുന്നത് അദ്ഭുതമാണ്.
ചെന്നൈയില്‍ മാത്രം തൊണ്ണൂറോളം അമ്മ കാന്റീനുകളുണ്ട്. നഗരങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
ബസ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചാണ് അമ്മ കുടിനീര്‍ കേന്ദ്രങ്ങള്‍. മൈലാപ്പൂരുള്ള ഈ സ്റ്റാളില്‍ ദിവസവും കുറഞ്ഞത് 1000 കുപ്പിയെങ്കിലും വിറ്റുപോകുന്നുണ്ട്. ശുദ്ധമായ വെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്ന കാലത്ത് ഇത് ഒരു ആശ്വാസം തന്നെയാണ്. അംഗപരിമിതരായ ആളുകള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ് ഈ സ്റ്റാളുകളിലെ ജോലി. കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്ന അമ്മ ഔഷധശാലകളുമുണ്ട്.