ടാറ്റ ഗ്രൂപ്പിന് വന്‍ സാമ്പത്തിക ബാധ്യതയെന്ന് സൈറസ് മിസ്ത്രി

Update: 2018-05-09 09:48 GMT
Editor : Alwyn K Jose
ടാറ്റ ഗ്രൂപ്പിന് വന്‍ സാമ്പത്തിക ബാധ്യതയെന്ന് സൈറസ് മിസ്ത്രി
Advertising

ഗ്രൂപ്പിന്റെ ഭാഗമായ അഞ്ച് സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണ്. വിപണി മൂലധനത്തില്‍ 1,800 കോടി ഡോളറിന്റെ കുറവുണ്ടാകുന്ന സാഹചര്യമാണ് ഗ്രൂപ്പിനു മുന്നിലെന്നും മിസ്ത്രി പറഞ്ഞു.

ടാറ്റ ഗ്രൂപ്പ് വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ടെന്ന് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി. ഗ്രൂപ്പിന്റെ ഭാഗമായ അഞ്ച് സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണ്. വിപണി മൂലധനത്തില്‍ 1,800 കോടി ഡോളറിന്റെ കുറവുണ്ടാകുന്ന സാഹചര്യമാണ് ഗ്രൂപ്പിനു മുന്നിലെന്നും മിസ്ത്രി പറഞ്ഞു. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസമാണ് സൈറസ് മിസ്ത്രിയെ പുറത്താക്കിയത്.

ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഗ്രൂപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സൈറസ് മിസ്ത്രി വിവരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തന്നെ ബോര്‍ഡ് അനുവദിച്ചില്ല. വിശദീകരണം ആരായാതെയാണ് പുറത്താക്കിയത്. കോര്‍പ്പറേറ്റ് രംഗത്ത് കേട്ടു കേള്‍വിയില്ലാത്തതാണ് ഈ നടപടിയെന്ന് സൈറസ് മിസ്ത്രി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഹോട്ടല്‍, ടാറ്റാ മോട്ടേഴ്സിന്റെ പാസഞ്ചര്‍-വെഹിക്കിള്‍ ഓപ്പറേഷന്‍, ടാറ്റാ സ്റ്റീലിന്റെ യൂറോപ്യന്‍ സംരംഭം , ഊര്‍ജ - ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയിലെ സംരംഭങ്ങള്‍ എന്നിവ തകര്‍ച്ചയിലാണ്. രത്തന്‍ ടാറ്റയുടെ സ്വപ്ന സംരംഭമായ നാനോ മാത്രം ആയിരം കോടിയുടെ ബാധ്യതയാണുണ്ടാക്കിയത്. നാനോ ഉത്പാദനം അവസാനിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മിസ്ത്രി പറയുന്നു. ഇതൊക്കെ ചേര്‍ന്നാണ് 1,800 കോടി ഡോളറിന്റെ മൂലധന ഇടിവിന് വഴിവെക്കുന്നത്. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ഇവ നഷ്ടത്തിലോടുകയായിരുന്നുവെന്നും മിസ്ത്രി പറയുന്നു.

അതേസമയം ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്ത് ജപ്പാന്‍ കമ്പനിയായ‍ ഡോകോമോയുമായുണ്ടാക്കിയ ധാരണ ലംഘിച്ചതാണ് മിസ്ത്രിയെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംയുക്ത സംരംഭത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ ഡോകോമോക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയുണ്ടാക്കിയിരുന്നു. ഇതില്‍ നിന്ന് മിസ്ത്രി പിന്‍മാറി. ഡോകോമോ നല്‍കിയ പരാതി പരിഗണിച്ച അന്താരാഷ്ട്ര ട്രൈബ്യൂണല്‍ നഷ്ടപരിഹാരം പലമടങ്ങ് ഉയര്‍ത്തിയിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News