നോട്ട് പിന്‍വലിച്ചാല്‍ കള്ളപ്പണം തടയാനാകില്ല; യുപിഎ സര്‍ക്കാരിനോട് അന്ന് ബിജെപി പറഞ്ഞത്
പെട്രോള്‍ വില വര്‍ധിപ്പിച്ചോള്‍ യുപിഎ സര്‍ക്കാരിനെ ജനവിരുദ്ധരെന്ന് ആക്ഷേപിച്ച ബിജെപി അധികാരത്തില്‍ എത്തിയ ശേഷം മലക്കംമറിഞ്ഞതും ഇതുസംബന്ധിച്ച് മോദി അന്ന് ചെയ്ത ട്വീറ്റ് കുത്തിപ്പൊക്കിയതുമൊക്കെ ഇടക്കിടെ നടക്കുന്നതാണ്.
പെട്രോള്‍ വില വര്‍ധിപ്പിച്ചോള്‍ യുപിഎ സര്‍ക്കാരിനെ ജനവിരുദ്ധരെന്ന് ആക്ഷേപിച്ച ബിജെപി അധികാരത്തില്‍ എത്തിയ ശേഷം മലക്കംമറിഞ്ഞതും ഇതുസംബന്ധിച്ച് മോദി അന്ന് ചെയ്ത ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയതുമൊക്കെ ഇടക്കിടെ നടക്കുന്നതാണ്. ഇതുപോലൊന്നാണ് മോദി സര്‍ക്കാരിന്റെ ധീരതീരുമാനമെന്ന് അവകാശപ്പെടുന്ന കള്ളപ്പണം തടയാന്‍ നോട്ട് പിന്‍വലിക്കല്‍ നടപടി. കള്ളപ്പണത്തേക്കുറിച്ചും നോട്ട് അസാധുവാക്കുന്നതിനെക്കുറിച്ചും ബിജെപി നേതാവ് മീനാക്ഷി ലേഖി പണ്ട് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നോട്ട് അസാധുവാക്കുന്നതു കൊണ്ട് കള്ളപ്പണം തടയാന്‍ കഴിയില്ലെന്നും ഇത് സാധാരണക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രയാസത്തിലാക്കുകയെന്നും യുപിഎ സര്‍ക്കാരിനോട് വാദിച്ച ബിജെപിയാണിപ്പോള്‍ ആയിരത്തിന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് മുന്‍വാദത്തില്‍ നിന്നു മലക്കംമറിഞ്ഞിരിക്കുന്നത്.
2014 ല്‍ 2005നു മുമ്പുള്ള എല്ലാ കറന്‍സി നോട്ടുകളും പിന്‍വലിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴായിരുന്നു ഇതിനെതിരെ ബിജെപി രംഗത്തുവന്നത്. കള്ളപ്പണം തടയാന്‍ കഴിയില്ലെന്ന് മാത്രമല്ല, ഏറ്റവുമധികം ബാധിക്കുന്നത് നിരക്ഷരരായ സാധാരണക്കാരെയായിരിക്കുമെന്നും ബിജെപി പ്രതികരിച്ചിരുന്നു. ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലെ ലക്ഷക്കണക്കിനു വരുന്ന സാധാരണക്കാരെയും വയര്‍മുറുക്കി നുള്ളിപ്പെറുക്കി കൂട്ടിവെക്കുന്ന സാമ്പാദ്യം വീടുകളില്‍ തന്നെ സൂക്ഷിക്കുന്നവരെയും ബാങ്കിങ് സംവിധാനത്തെ ആശ്രയിക്കാത്തവരെയുമൊക്കെയാണ് ഈ തീരുമാനം കഷ്ടത്തിലാക്കുന്നതെന്നായിരുന്നു ബിജെപി വക്താവായിരുന്ന മീനാക്ഷിയുടെ വാദം. ഈ നിലപാടാണ് ബിജെപി അധികാരത്തിലെത്തിയതോടെ വിപരീതമായത്. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ബഹുഭൂരിഭാഗവും വിദേശത്തെ ബാങ്കുകളിലാണെന്നും ഇത് തിരിച്ചുകൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മോദി തന്നെ സമ്മതിച്ചതാണ്. ഇതേ സാഹചര്യം നിലനില്‍ക്കേയാണ് രാജ്യത്തുള്ള നോട്ടുകള്‍ പിന്‍വലിച്ച് കള്ളപ്പണം തടയാന്‍ മോദി സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ നടപടിയുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബാങ്കുകളിലും എടിഎമ്മുകളിലും പണം എത്താത്ത സ്ഥിതിയാണുള്ളത്. അത്യാവശ്യത്തിനു പോലും പണം സൂക്ഷിച്ചുവെക്കാതെ എടിഎമ്മുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു പേരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്.