ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു

Update: 2018-05-09 08:41 GMT
Editor : Sithara
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു
Advertising

ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ബജറ്റ് പാസ്സാക്കുന്നതിനുമായി മാര്‍ച്ച് ഒന്‍പതിന് രണ്ടാം ഘ‌ട്ടം സമ്മേളനം ആരംഭിക്കും.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ബജറ്റ് പാസ്സാക്കുന്നതിനുമായി മാര്‍ച്ച് ഒന്‍പതിന് രണ്ടാം ഘ‌ട്ടം സമ്മേളനം ആരംഭിക്കും.

ശശികല നടരാജനെ തമിഴനാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എഐഡിഎംകെ എംപിമാരുടെ പ്രതിഷേധവും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍മോഹന്‍ സിംഗിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധവും അവസാന ദിവസം രാജ്യസഭയില്‍ ബഹളത്തിനിടയാക്കി.

ജനുവരി 31ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോ‌ടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി റയില്‍ ബജറ്റ് പൊതുബജറ്റിനൊപ്പെം അവതരിപ്പിക്കുന്ന സമ്മേളനമായിരുന്നു ഇത്. നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കെ പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ കുഴഞ്ഞ് വീണ ഇ അഹമ്മദിന്റെ മരണവാര്‍ത്ത മൂടിവെച്ചുവെന്ന് ആരോപിച്ച് ഇരുസഭകളിലും ബഹളമുണ്ടായി. ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന സര്‍ക്കാരിന്റെ പിടിവാശിയാണ് മരണം മറച്ചുവെക്കാന്‍ കാരണമെന്ന് കാട്ടി അടിയന്തര പ്രമേയത്തിന് നോ‌ട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു.

നോ‌ട്ട് നിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിച്ചു. കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളെയും കടന്നാക്രമിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മറുപടി പ്രസംഗം പ്രതിഷേധത്തിനിടയാക്കി. രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ വിശദീകരത്തിന് മറുപടി പറയാന്‍ അവസരം നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതും ബഹളത്തിന് വഴി വെച്ചു. ബാങ്കുകളില്‍ ക്യൂ നിന്ന് മരിച്ചവരെയും ആദിവാസി വിഭാഗങ്ങളെയും പരാമര്‍ശിക്കണമെന്ന പ്രധാനപ്പെട്ട ഭേദഗതികള്‍ അംഗീകരിക്കാത്തതും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അധിക്ഷേപിച്ചുവെന്നാരോപിച്ചും പ്രതിപക്ഷം സഭ വിട്ടതോടെ ഏകപക്ഷീയമായായിരുന്നു രാജ്യസഭയില്‍ നയപ്രഖ്യാപനം പാസ്സാക്കിയത്. ഇക്കാര്യത്തിലെ അതൃപ്തി ഇന്നലെ തന്നെ രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി വ്യക്തമാക്കുകയും ചെയ്തു.

അവസാന ദിനം ശശികല നടരാജനെ തമിഴനാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എഐഡിഎംകെ എംപിമാരുടെ പ്രതിഷേധമാണ് സഭ സ്തംഭിപ്പിച്ചത്. ബജറ്റവതരണം നേരത്തെയാക്കിയും ഒറ്റ ബജറ്റവതരിപ്പിച്ചും ചരിത്രത്തില്‍ ഇടം നേടിയ ഇത്തവണത്തെ ബജറ്റ് പക്ഷെ അവകാശലംഘനം കൊണ്ടും കീഴ് വഴക്കങ്ങള്‍ മറികടന്നും മറ്റൊരു ചരിത്രം കൂടി രേഖപ്പെടുത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News