കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
മൂന്നാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം ജൂലൈ 11ന് കേസില്‍ വിശദമായി വാദം കേള്‍ക്കും
ചന്തകള്‍ വഴി അറവിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. മൂന്നാഴ്ച്ചക്കകം കേന്ദ്രം മറുപടി നല്‍കണമെന്നും, ജൂലൈ പതിനൊന്നിന് ഹരജിയില്‍ വിശദമായി വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. അറവിനായി പ്രത്യേക കാലിച്ചന്തകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും, ഉത്തരവ് സംബന്ധിച്ച അവ്യക്തതകള്‍ പരിഹരിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കന്നുകാലികളെ ചന്തകള്‍ വഴി അറവിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഖുറൈഷി അക്ഷന്‍ കമ്മറ്റിയും മലയാളിയായ സാബു സ്റ്റീഫനും നല്‍കിയ ഹരജികളാണ് സുപ്രിം കോടതി പരിഗണിച്ചത്. കേന്ദ്ര ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഹരജിയില്‍ അടിന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടി നിരസിച്ചു. തുടര്‍ന്ന് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയക്കുകയായിരുന്നു. മൂന്നാഴ്ച്ചക്കകം നോട്ടീസിന് കേന്ദ്രം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ പതിനൊന്നിന് ഹരജിയില്‍ വിശദമായി വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.
കന്നുകാലികളെ അറവിനായി നല്‍കുന്നതിനോ, ഇറച്ചി വില്‍പ്പനക്കോ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെന്നും കാലി ചന്തകളിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഉത്തരവിറക്കിയതെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. അറവിന് വേണ്ടി കാലികളെ വില്‍ക്കാന്‍ പ്രത്യേക ചന്തകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും, ഉത്തരവിലെ അവ്യക്തത പരഹിരിച്ച് ഉടന്‍ വിശദീകരണം നല്‍കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേരാന്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭക്കും, ബ്രഹ്മഗിരി ഡെവലെപ്മെന്‍റ് സൊസൈറ്റിക്കും കോടതി അനുമതി നല്‍കി.