ഹിന്ദുത്വ തീവ്രവാദ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ കേസ്
മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്
രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസനെതിരെ ഉത്തര്‍ പ്രദേശില്‍ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500, 511, 298, 295 (എ), 505 (സി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വാരാണസിയിലെ കോടതി നാളെ കേസ് പരിഗണിക്കും.
രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍ ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് എഴുതിയത്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണ്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി യെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതി.
അതേസമയം കമല്‍ഹാസന് ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബിജെപി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു കുറ്റപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസ്, മുസ്‍ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും അപമാനിക്കുകയാണ്. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണ് കമല്‍ നടത്തിയതെന്നും റാവു ആരോപിച്ചു.