സര്‍ക്കാര്‍ സ്കൂളില്‍ നിന്നു പിരിച്ചുവിട്ട ദലിത് വിധവക്ക് ജില്ലാ മജിസ്ട്രേറ്റ് രക്ഷകനായി; പ്രിന്‍സിപ്പലിനെ പുറത്താക്കി
ജാതീയത രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ദലിതര്‍ക്ക് നേരെ കടുത്ത വിവേചനവും അക്രമവും പതിവായ മേഖല.
ജാതീയത രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ദലിതര്‍ക്ക് നേരെ കടുത്ത വിവേചനവും അക്രമവും പതിവായ മേഖല. ഇവിടെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പാചകക്കാരിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. ദലിത് യുവതി വിധവയായതു കൊണ്ടുകൂടിയായിരുന്നു പിരിച്ചുവിടല്‍ നടപടി. എന്നാല്‍ യുവതിക്ക് രക്ഷകനായി ജില്ലാ മജിസ്ട്രേറ്റ് തന്നെ രംഗത്തെത്തി. ഇതോടെ യുവതിയെ പിരിച്ചുവിട്ട സ്‍കൂള്‍ പ്രിന്‍സിപ്പലിന്റെ കസേര നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. പരാതി കിട്ടി വെറും 24 മണിക്കൂറിനുള്ളില്‍ തന്നെ 45 കിലോമീറ്റര്‍ ദൂരം കാറോടിച്ച് സ്കൂളിലെത്തി യുവതിക്ക് ജോലി തിരികെ നല്‍കിയ ശേഷം പ്രിന്‍സിപ്പലിനെ പുറത്താക്കിയ ജില്ലാ മജിസ്ട്രേറ്റ് കന്‍വാല്‍ തനൂജാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരം. വിധവയായ ഊര്‍മിളക്കാണ് കന്‍വാല്‍ രക്ഷകനായത്. സംഭവമിങ്ങനെ: 36കാരിയായ ഊര്‍മിള ഔറംഗാബാദ് ജില്ലയിലാണ് താമസം. ഭര്‍ത്താവ് മരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിധവയായ ഊര്‍മിളയെ സ്‍കൂള്‍ പ്രിന്‍സിപ്പല്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ വിധവയെ അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു നടപടി. ജോലി തിരിച്ചുകിട്ടാന്‍ പ്രിന്‍സിപ്പലിനോട് കേണപേക്ഷിച്ചെങ്കിലും പതിനായിരം രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ആവശ്യം. നാലു കുട്ടികളുടെ അമ്മയായ ഊര്‍മിളക്ക് ഇത് അപ്രാപ്യമായിരുന്നു. തുടര്‍ന്നാണ് ജില്ലാ മജിസ്ട്രേറ്റിനെ ഊര്‍മിള കണ്ട് പരാതി പറയുന്നത്. ഇതോടെ സ്കൂളിലെത്തിയ മജിസ്ട്രേറ്റ്, സ്കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കുകയും എസ്‍സി, എസ്‍ടി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.