വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ തൃപ്തി ദേശായി ചെരുപ്പൂരി അടിച്ചു
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് ഭൂമാതാ ബ്രിഗേഡ് പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായിയുടെ മര്‍ദ്ദനം
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് ഭൂമാതാ ബ്രിഗേഡ് പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായിയുടെ മര്‍ദ്ദനം. പൂനെയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ശികാര്‍പൂര്‍ ജില്ലയിലാണ് സംഭവം. ജനമധ്യത്തിലാണ് തൃപ്തി ദേശായി ശ്രീകാന്ത് ലോന്തെ എന്ന 24കാരനെ ചെരിപ്പൂരി അടിച്ചത്.
യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ തൃപ്തി ദേശായി തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തിന് പിന്നാലെ പൊലീസ് ലോന്തെ യുവാവിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു.
യുവാവിനെതിരെ നേരത്തെ യുവതി പൊലീസിനെ സമീപിച്ചിരുന്നുവെന്ന് തൃപ്തി ദേശായി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ യുവതി പരാതി എഴുതി നല്‍കിയില്ല. എന്നാല്‍ വാക്ക് പാലിക്കാന്‍ യുവാവ് തയ്യാറായില്ല. പെണ്‍കുട്ടിക്ക് കുറച്ച് പണം നല്‍കി ഒഴിവാക്കാനാണ് യുവാവ് ശ്രമിച്ചതെന്നും തൃപ്തി ദേശായി പറഞ്ഞു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയുണ്ട്.
നിയമം കയ്യിലെടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സ്ത്രീകള്‍ക്കെതിരെ എന്ത് അതിക്രമം കണ്ടാലും താന്‍ നിയമം കയ്യിലെടുക്കുമെന്നായിരുന്നു തൃപ്തിയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത അമ്പലങ്ങളിലേക്ക് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.