രോഹിത് വെമുല ദലിതനല്ലെന്ന് റിപ്പോർട്ട്
സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ് രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെ നിയമിച്ചത്.
ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുല ദലിതനല്ലെന്നു റിപ്പോർട്ട്. രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച റിട്ട.ജസ്റ്റിസ് എ.കെ.റൂപൻവാൾ കമ്മിഷനാണ് 26 കാരനായ രോഹിത് ദലിത് വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയല്ല എന്നു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ് രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെ നിയമിച്ചത്. രോഹിത് വധേര സമുദായത്തിൽപ്പെട്ട വിദ്യാർഥിയാണെന്നും ഇതു ഒബിസി വിഭാഗത്തിൽപ്പെടുന്നതാണെന്നുമാണ് കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് യു.ജി.സിക്കു മുൻപാകെ കമ്മിഷൻ സമർപ്പിച്ചതായും ദേശീയ മാധ്യമം പറയുന്നു. റിപ്പോർട്ട് ഇതുവരെ മന്ത്രാലയത്തിനു മുൻപാകെ ലഭിച്ചിട്ടില്ലെന്നായിരുന്നു മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിന്റെ പ്രതികരണം.
കഴിഞ്ഞ ജനുവരി 17 നാണ് ഹൈദരാബാദ് കേന്ദ്രസർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ രോഹിതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രോഹിതിന്റെ മരണത്തെത്തുടർന്ന് രാജ്യമെങ്ങും കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.