കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: മൂന്ന് തീവ്രവാദികളെ കൂടി വധിച്ചെന്ന് സൈന്യം
ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് സേനാംഗവും ഏഴ് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കശ്മീരിലെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തു. അക്രമാസക്തമായ ജനക്കൂട്ടത്തെ അടിച്ചമര്‍ത്താനും നിര്‍ദ്ദേശം നല്‍കി. താഴ്വരയിലെ വിദ്യാലയങ്ങള്‍ ഒരാഴ്ചകം തുറക്കണമെന്നും കുട്ടികള്‍ക്ക് ഭയമില്ലാതെ പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും രാജ്നാഥ് സിംഗ് നിര്‍ദേശിച്ചു. കശ്മീര്‍ സംഘര്‍ഷങ്ങളുടെ മറവില്‍ നുഴഞ്ഞുകയറ്റ ശ്രമം ശക്തമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, രഹസ്യാന്വേഷണ വിഭാഗം മേധാവി തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. ജൂലൈയില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടശേഷം ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ 81 പേര്‍ മരിക്കുകയും സുരക്ഷ സേനാംഗങ്ങള്‍ അടക്കം 10000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.