ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് വിട്ടയച്ചു

Update: 2018-05-11 03:04 GMT
ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് വിട്ടയച്ചു
Advertising

ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജിഗ്നേഷ് മേവാനിയെ ഇന്ന് പുലര്‍ച്ചെയാണ് വിട്ടയച്ചത്

Full View

ഗുജറാത്തിലെ ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെ വിട്ടയച്ചു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജിഗ്നേഷ് മേവാനിയെ ഇന്ന് പുലര്‍ച്ചെയാണ് വിട്ടയച്ചത്. ഗുജറാത്തില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ ജന്‍മദിനാഘോഷ പരിപാടിയെകുറിച്ച് ജിഗ്നേഷ് നടത്തിയ പരാമര്‍ശമാണ് അറസ്റ്റിന് കാരണമായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് ജിഗ്നേഷ് മേവാനിയെ ചോദ്യം ചെയ്തത്.

ഇന്നലെ രാത്രി എട്ട് മണിക്ക് അഹ്മദാബാദ് വിമാനത്താവളത്തിന് മുന്നില്‍ വെച്ചാണ് സിവില്‍ വേഷത്തിലെത്തിയ പൊലീസ് സഘം മേവാനിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് മേവാനിയെ അഹമ്മദാബാദിലെ ഗേക് വാദ് ഹവാലിയിലേക്ക് കൊണ്ടുപോയി. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മോദി ഇന്ന് ഗുജറാത്തില്‍ എത്താനിരിക്കെയായിരുന്നു പൊലീസിന്റെ ഈ നടപടി. ഡല്‍ഹിയില്‍ ദലിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്ത ശേഷം അഹ്മദാബാദില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അഹമദാബാദ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് നടപടി.

സാങ്കേതികമായി മോചിപ്പിക്കപ്പെട്ടെങ്കിലും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയാണെന്ന് ജിഗ്നേഷ് മേവാനി മോചിതനായ ശേഷം പ്രതികരിച്ചു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ പിന്തുടരുകയാണെന്നും ജിഗ്നേഷ് ഫേസ്ബുക്കില്‍ കുറിച്ചു. കശ്മീരില്‍ അറസ്റ്റിലായ ഖുറം പര്‍വേസിന്റെയും ബസ്തറില്‍ അറസ്റ്റിലായ പ്രഭാത് സിങ്ങിന്റെയും മോചനത്തിന് വേണ്ടി ശബ്ദിക്കണമെന്ന് ജിഗ്നേഷ് പറഞ്ഞു.

Tags:    

Similar News