സൈനികരുടെ ചോരയുടെ ദല്ലാള്‍: വാക് യുദ്ധവുമായി ബി.ജെ.പിയും കോണ്‍ഗ്രസും
സേനയുടെ രക്തം ഉപയോഗിച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന രാഹുലിന്റെ പരമാര്‍ശം അപലപനീയമാണ്. സൈന്യത്തിന്റെ ആത്മബലം വര്‍ധിപ്പിക്കുന്നതിന് പകരം
സൈനികരുടെ ചോരയുടെ ദല്ലാളെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന്മേല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ വാക്പോര്. പാകിസ്താന്റെ നിരാശയ്ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയെന്ന ആരോപണവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെ രംഗത്തു വന്നു. മസൂദ് അസറിനെ പുറത്തു വിട്ടതിലൂടെ ജെയ്ഷെ മുഹമ്മദിന്റെ പിറവിക്ക് കാരണക്കാരായവരാണ് ബി.ജെ.പിയെന്ന ആരോപണവുമായി കോണഗ്രസ് തിരിച്ചടിച്ചു.
തന്റെ പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധി എല്ലാ പരിധികളും ലംഘിച്ചുവെന്നും ദല്ലാളെന്ന പരാമര്‍ശം അലങ്കാരമാവുക കോണ്‍ഗ്രസിനാണെന്നും ബി.ജെ.പി ആസ്ഥാനത്ത് പ്രത്യേകം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. ടു.ജി മുതല്‍ കല്‍ക്കരിവരെ എല്ലാറ്റിലും ദല്ലാള്‍ പണിയെടുത്തത് ആരാണെന്നും അമിത് ഷാ ചോദിച്ചു.
മിന്നലാക്രമണം സൈന്യത്തിന്റെ നേട്ടമാണെന്നും അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നരേന്ദ്രമോദിയുടേതാണെന്നും അമിത് ഷാ പറഞ്ഞു. അല്‍പ സമയത്തിനകം തന്നെ കോണ്‍ഗ്രസ് ആസ്ഥാനത്ത് കപില്‍ സിബല്‍ മറുപടി വാര്‍ത്താ സമ്മേളനം നടത്തി. മസൂദ് അസറിനെ പുറത്തു വിട്ട് ജെയ്ഷെ മുഹമ്മദിന്റെ പിറവിക്ക് കാരണമായ ബി.ജെ.പിയാണ് ഇപ്പോള്‍ ഭീകരവാദത്തിനെതിരെ സംസാരിക്കുന്നതും രാജ്യസ്നേഹികള്‍ ചമയുന്നതുമെന്ന് കപില്‍ സിബല്‍ പറഞ്ഞു.
രാഷ്ട്രീയം കലര്‍ത്താതെ സൈന്യത്തിന് പിന്തുണ നല്‍കണമെന്നതാണ് രാഹുലിന്റെ പ്രസ്താവനയുടെ അര്‍ത്ഥമെന്നും കപില്‍ സിബല്‍ പറഞ്ഞു. സൈന്യത്തെ ഇകഴ്ത്തുന്ന നരേന്ദ്ര മോദിയുടെ മുന്‍ പ്രസ്താവനകളും ട്വീറ്റുകളും അടങ്ങിയ വീഡിയോയുടെ അകമ്പടിയോടെയായിരുന്നു കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം.