രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പണം തിരിച്ചേല്‍പ്പിക്കുന്നവരെ നിരീക്ഷിക്കും

Update: 2018-05-11 05:23 GMT
Editor : Sithara
രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പണം തിരിച്ചേല്‍പ്പിക്കുന്നവരെ നിരീക്ഷിക്കും
Advertising

കള്ളപ്പണം കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കുന്നു.

നോട്ട് നിരോധത്തിന് പിന്നാലെ കള്ളപ്പണം കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുകയുമായി ബാങ്കുകളില്‍ എത്തുന്നവരുടെ വരുമാനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും.
കള്ളപ്പണം പണമായല്ലാതെ സൂക്ഷിക്കുന്നവരെയും കണ്ടെത്തും. 1000 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

‌നോട്ട് നിരോധത്തിലൂടെ കള്ളപ്പണം പൂര്‍ണമായി കണ്ടെത്താനാകില്ലെന്ന് ബോധ്യമായതോടെയാണ് മറ്റ് മേഖലകളിലേക്കും നടപടികള്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പണമായല്ലാതെ കള്ളപ്പണം സൂക്ഷിക്കുന്നവരെയാണ് ഇതില്‍ ലക്ഷ്യമിടുന്നത്. രണ്ടര ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ കയ്യിലുള്ളവര്‍ക്ക് നികുതി ഈടാക്കാനും അതിന് മുകളിലുള്ള തുകക്ക് 200 ശതമാനം പിഴ ചുമാത്താനുമാണ് തീരുമാനം. വെളിപ്പെടുത്താതെ പണം സൂക്ഷിക്കുന്നവരുടെ കാര്യത്തിലും കര്‍ശന നടപടിയുണ്ടാകും.

വിവാഹം, കൃഷി തുടങ്ങിയ കാരണങ്ങള്‍ക്കുപോലും ഇളവ് നല്‍കേണ്ടതില്ലെന്നാണ് ധാരണ. ബിജെപിയും ഇതിനെ പിന്തുണക്കുന്നുണ്ട്. സര്‍ക്കാറിനെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ വരും ദിവസങ്ങളില്‍ രംഗത്തിറങ്ങും. എന്നാല്‍ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് സര്‍ക്കാറും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതിനിടെ പിന്‍വലിച്ച 1000 രൂപ നോട്ടുകള്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. . പുതിയ 1000 രൂപ നോട്ടിന്റെ രൂപകല്‍പന പുരോഗമിക്കുകയാണെന്ന് ധനകാര്യ സെക്രട്ടറി അറിയിച്ചു. പുതിയ നിറത്തിലും വലിപ്പത്തിലുമുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News