സംഘമുക്ത ഭാരതമെന്ന മുദ്രാവാക്യവും വിഴുങ്ങി നിതീഷ്
സംഘ മുക്ത ഭാരതത്തിന്‍റെ പേരില്‍ വോട്ട് തേടി ജയിച്ച നിതീഷ് പക്ഷെ പറഞ്ഞതെല്ലാം വിഴുങ്ങിയാണ് ആറാമതും സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ കൌശലത്തിന്‍റെ മാസ്റ്ററാണ് നിതീഷ് കുമാര്‍. അധികാരം തന്നിലേക്ക് അടുപ്പിച്ച് നിലനിര്‍ത്താന്‍ ആദര്‍ശം വെടിഞ്ഞ് ആരുമായും സഖ്യമുണ്ടാക്കാന്‍ ഒരുകാലത്തും നിതീഷ് മടികാണിച്ചില്ല. നേരത്തെ മുഴക്കിയ സംഘമുക്ത ഭാരതമെന്ന് സ്വന്തം മുദ്രാവാക്യം കൂടിയാണ് പുതിയ കൂട്ടുകെട്ടിലൂടെ നിതീഷ് മറന്നത്.
ജയപ്രകാശ് നാരായണന്‍റെ ആശയങ്ങള്‍ ഉയര്‍ത്തിയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 90 കളുടെ തുടക്കത്തില്‍ വിപി സിങാണ് ലാലുവിനൊപ്പം നിതീഷിനേയും രാം വിലാസ് പസ്വാനെതിരെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. 90 ല്‍ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ ലാലു മന്ത്രിസഭയില്‍ അംഗമായി നിതീഷ്. പക്ഷെ വൈകാതെ തെറ്റിപിരിഞ്ഞ് ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമതാപാര്‍ട്ടി രൂപീകരിച്ചു. 95 ലെ തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ ബിജെപി ക്യാമ്പില്‍. ബാബ്റി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ബിജെപിയെ എല്ലാവരും അകറ്റിനിര്‍ത്തിയപ്പോളായിരുന്നു ഇത്. തുടര്‍ന്നുള്ള ലോക് സഭ തിരഞ്ഞെടുപ്പുകളില്‍ ബിഹാറില്‍ ശക്തിതെളിയിച്ചതോടെ നിതീഷ് കേന്ദ്ര മന്ത്രിയായി.
ഇതിനിടയില്‍ 2000 ത്തില്‍ ബിജെപി പിന്തുണയോടെ 7 ദിവസം മുഖ്യമന്ത്രിയുമായി. സമതാപാര്‍ട്ടി വിട്ട് ജെഡി യു രൂപീകരിച്ച് 2005 മുതല്‍ 2013 വരെ എന്‍ഡിഎ മുഖ്യമന്ത്രി. 2013 ല്‍ മതേതരത്വത്തിന്‍റെ പേരില്‍ ബിജെപി ബന്ധം അവസാനിപ്പിച്ചു. മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിയതായിരുന്നു ഗുജറാത്ത് കലാപകാലത്ത് പോലും ബിജെപിക്കൊപ്പം നിന്ന നിതീഷിന്‍റെ ചുവടുമാറ്റത്തിന് പിന്നില്‍. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടപ്പോള്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജിതിന്‍ റാം മാഞ്ചിയെ പകരക്കാരനാക്കി. പക്ഷെ വിമതനായ മാഞ്ചി മുഖ്യമന്ത്രി പദത്തിലേക്ക് മടങ്ങിവരാനുള്ള നിതീഷിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് 2015 ല്‍ പഴയശത്രുക്കളായ ലാലുവിന്‍റേയും കോണ്‍ഗ്രസിന്‍റേയും കൈപിടിച്ച് മഹാസഖ്യമുണ്ടാക്കി. സംഘ മുക്ത ഭാരതത്തിന്‍റെ പേരില്‍ വോട്ട് തേടി ജയിച്ച നിതീഷ് പക്ഷെ പറഞ്ഞതെല്ലാം വിഴുങ്ങിയാണ് ആറാമതും സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.