സുനന്ദ പുഷ്ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്
മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.എസ് ജെയ്സ്വാളിന്റെ റിപ്പോര്‍ട്ട് ഒരു ഇംഗ്ലീഷ് ദിനപത്രമാണ് പുറത്തുവിട്ടത്
സുനന്ദ പുഷ്ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.എസ് ജെയ്സ്വാളിന്റെ റിപ്പോര്‍ട്ട് ഒരു ഇംഗ്ലീഷ് ദിനപത്രമാണ് പുറത്തുവിട്ടത്. ശരീരത്തിലെ മുറിവുകളും പാടുകളും കൊലപാതകത്തിന്റെ ലക്ഷണങ്ങളാണെന്ന് വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മയുടെ കണ്ടെത്തല്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ബി.എസ് ജെയ്സ്വാള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. ശരീരത്തിലെ മുറിവുകളും കടിയേറ്റപാടും ഇത് സാധൂകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷം അകത്തുചെന്നാണ് മരണമെന്ന സൂചനയും ഉണ്ട്. ഇന്‍ക്വസ്റ്റ് നടത്തിയ എസ് ഡി ഓ അലോക് ശര്‍മ തന്നെ മരണം കൊലപാതകമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ ദിശയില്‍ അന്വേഷണം നടന്നില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡല്‍ഹി റെയ്ഞ്ച് ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരീരത്തില്‍ കണ്ട ഇഞ്ചക്ഷന്റെ പാട് പുതിയതാണ്. വിഷം നല്‍കിയത് ഇഞ്ചക്ഷന്‍ ആയിട്ടാണോയെന്ന് ഇത് സംശയമുയര്‍ത്തുന്നു. സുനന്ദയും ശശി തരൂരും തമ്മില്‍ അടിപിടയുണ്ടായതായി സഹായിയുടെ മൊഴിയും മുഖവിലയ്ക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.