സ്‍കോര്‍പീന്‍ മുങ്ങിക്കപ്പലുകളുടെ കൂടുതല്‍ രഹസ്യങ്ങള്‍ ചോര്‍ന്നു

Update: 2018-05-12 08:32 GMT
Editor : Alwyn K Jose
സ്‍കോര്‍പീന്‍ മുങ്ങിക്കപ്പലുകളുടെ കൂടുതല്‍ രഹസ്യങ്ങള്‍ ചോര്‍ന്നു
Advertising

ദി ആസ്ത്രേലിയന്‍ ദിനപത്രം തന്നെയാണ് വീണ്ടും വിവരങ്ങള്‍ പുറത്ത് വിട്ടത്. ‌രഹസ്യങ്ങള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കില്ലെന്ന വാദം പത്രം തള്ളി.

ഇന്ത്യയുടെ സ്കോര്‍പീന്‍ ശ്രേണിയില്‍ പെട്ട മുങ്ങിക്കപ്പലുകളുടെ കൂടുതല്‍ രഹസ്യങ്ങള്‍ ചോര്‍ന്നു. ദി ആസ്ത്രേലിയന്‍ ദിനപത്രം തന്നെയാണ് വീണ്ടും വിവരങ്ങള്‍ പുറത്ത് വിട്ടത്. ‌രഹസ്യങ്ങള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കില്ലെന്ന വാദം പത്രം തള്ളി. സംഭവത്തില്‍ ഉന്നത തല അന്വേഷണം തുടരുകയാണ്.

ഇന്ത്യയുടെ അത്യാധുനിക സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകളുടെ കാര്യക്ഷമതയെപ്പറ്റിയും സാങ്കേതിക മികവിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇത് രണ്ടാം ദിവസമാണ് ദി ആസ്ത്രേലിയന്‍ ദിന പത്രം പുറത്ത് വിടുന്നത്. ആകെ 22,400 രേഖകള്‍ പത്രത്തിന് ലഭിച്ചതായാണ് വിവരം. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ്കപ്പലുകള്‍ നിര്‍മ്മിച്ചത് എന്നിരിക്കെ അന്വേഷണത്തില്‍ ഫ്രാന്‍സിന് നിര്‍ണായക വിവരങ്ങള്‍ നല്‍കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ സാഹചര്യത്തില്‍ രഹസ്യ ചോര്‍ച്ച സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ ഫ്രഞ്ച് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത് എന്ന നിഗമനത്തിലാണ് ഇപ്പോള്‍ നാവിക സേന. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദം കപ്പല്‍ നിര്‍മ്മാതാക്കളായ ഡിസിഎന്‍എസ് തള്ളി. പുറത്തായ വിവരങ്ങളുടെ ആധികാരികത നയതന്ത്രതലത്തില്‍ പരിശോധിച്ച് ഉറപ്പ് വരുത്താനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ചോര്‍ച്ചയില്‍ ആശങ്ക വേണ്ടെന്ന് പരീക്കര്‍

ഇന്ത്യയുടെ സ്കോര്‍പിന്‍ ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകളുടെ രഹസ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് കാര്യമായ ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍ ഇതൊരു മോശം സംഭവമായാണ് കാണുന്നത്. കാര്യങ്ങള്‍ ശരിയായ ദിശയില്‍ കൊണ്ടുവരാനാകുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സുമായുള്ള പ്രതിരോധ നടപടികളില്‍ തീരുമാനം എടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News