രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ടുപിടിത്തം: ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്ന് സുപ്രീംകോടതി
മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്ന് സുപ്രീംകോടതി ബെഞ്ച്
രാമക്ഷേത്രത്തിന്റെയും ഹിന്ദുത്വത്തിന്റെയും പേരില്‍ വോട്ട് തേടിയാല്‍ അത് മതത്തിന്റെ പേരിലുള്ള വോട്ട് പിടിത്തമായേ കണക്കാക്കാനാകൂ എന്ന് സുപ്രീംകോടതി. 1996ലെ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മയുടെ വിവാദ ഹിന്ദുത്വ ഉത്തരവ് പുനപരിശോധിക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് നിരീക്ഷണം. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിച്ച സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ശരിവെച്ചുകൊണ്ട് 1996ലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിവാദ വിധി പ്രസ്താവിച്ചത്. ഹിന്ദുത്വം മതമല്ലെന്നും ജീവിതരീതിയാണെന്നുമായിരുന്നു വിധിയില്‍ പറഞ്ഞത്. ഇത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് രണ്ട് ദിവസം മുന്‍പ് വാദം ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം മതേതരത്വമാണെന്നും തെരഞ്ഞെടുപ്പ് അതിന്റെ ഭാഗമാണെന്നും ഇന്നലെ വാദം കേള്‍ക്കവെ കോടതി നിരീക്ഷിച്ചു.
ഹിന്ദുത്വത്തിന്റെയും രാമക്ഷേത്രത്തിന്റെയും പേരില്‍ വോട്ട് തേടിയാല്‍ അത് മതത്തിന്റെ പേരിലുള്ള വോട്ട് പിടിത്തമാണ്. ഏത് മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചാലും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. രാഷ്ട്രീയത്തില്‍ നിന്നും മതത്തെ വേര്‍പെടുത്തണമെന്നും അല്ലെങ്കില്‍ ജനാധിപത്യമാണ് അപകടത്തിലാകുകയെന്നും ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹരജികളില്‍ കോടതിയില്‍ വാദം തുടരും.