സംഝോത ട്രെയിന്‍ സ്ഫോടനം: ലശ്കറിന്റെ പങ്ക് അന്വേഷിക്കും
ഹിന്ദുത്വ ഭീകര സംഘടനാ നേതാക്കള്‍ പ്രതികളായ സംഝോത എക്സ്‍പ്രസ് സ്ഫോടനക്കേസില്‍ ലശ്കറെ ത്വയ്യിബയുടെ ബന്ധവും അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നീക്കം
ഹിന്ദുത്വ ഭീകര സംഘടനാ നേതാക്കള്‍ പ്രതികളായ സംഝോത എക്സ്‍പ്രസ് സ്ഫോടനക്കേസില്‍ ലശ്കറെ ത്വയ്യിബയുടെ ബന്ധവും അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നീക്കം. ലശ്കറിന്റെ സാമ്പത്തിക സ്രോതസ്സായ ആരിഫ് ഖസ്‍മാനിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കത്തയച്ചു. കേസില്‍ സ്വാമി അസിമാനന്ദയടക്കം എട്ട് പ്രതികളുടെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടെയാണ് 9 വര്‍ഷത്തിന് ശേഷം എന്‍ഐഎ പുതിയ അന്വേഷണത്തിന് ഒരുങ്ങുന്നത്.
2007 ഫെബ്രുവരിയില്‍ പാനിപ്പത്തിന് സമീപമാണ് 68 പേരുടെ മരണത്തിന് കാരണമായ സംഝോത എക്സ്‍പ്രസ് സ്ഫോടനം നടന്നത്. അന്വേഷണത്തില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാക്കളുടെ പങ്ക് പുറത്തുവന്നു. സ്വാമി അസിമാനന്ദ ഉള്‍പ്പെടെ ഹിന്ദുത്വ ഭീകര സംഘടനകളുമായി ബന്ധമുള്ള എട്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്തെ വിവിധ ഭീകരാക്രമണങ്ങളില്‍ ഹിന്ദ്വത്വ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന സംഭവമായി അന്വേഷണം മാറി. സംഝോത കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഇപ്പോള്‍ എന്‍ഐഎയുടെ പുതിയ നീക്കം.
ആക്രമണത്തിന് ലശ്കറെ ത്വയ്യിബയുടെ സാമ്പത്തിക സഹായം കണ്ടെത്താന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ സഹായമാണ് എന്‍ഐഎ തേടിയത്. ലശ്കറിന്‍റെ മുഖ്യ സാമ്പത്തിക സ്രോതസ്സെന്ന് കരുതുന്ന ആരിഫ് ഖസ്മാനിയെക്കുറിച്ചുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചില അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ 2009ല്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും അതിനാലാണ് കൂടതല്‍ വിവരങ്ങള്‍ തേടുന്നതെന്നുമാണ് എന്‍ഐഎ വിശദീകരണം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഹിന്ദുത്വ ഭീകരവാദികള്‍ പ്രതികളായ കേസുകളിലെ അന്വേഷണം അട്ടിമറിക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.