മുസ്‍ലിം വ്യക്തിനിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ചീഫ് ജസ്റ്റിസ്
മുസ്‍ലിം വ്യക്തിനിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന നിര്‍ദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ മുത്തലാഖ് കേസില്‍ വിധി പറഞ്ഞത്
മുസ്‍ലിം വ്യക്തിനിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന നിര്‍ദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ മുത്തലാഖ് കേസില്‍ വിധി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന നിയമം ഇത്തരത്തിലുള്ളതാകണം. ഇസ്‍ലാമിക രാജ്യങ്ങളില്‍ പോലും വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം ഉണ്ടായിട്ടുണ്ട്. ഈ മാതൃക ഇന്ത്യ പിന്തുടരണമെന്നും വിധിയില്‍ പറയുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് മുത്തലാഖ് വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. നിയമം ആറ് മാസത്തിനകം രൂപീകരിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ മുത്തലാഖുമായി ബന്ധപ്പെട്ട നിയമം രൂപീകരിക്കുമ്പോള്‍, മുസ്‍ലിം വ്യക്തിനിയമത്തില്‍ കാലോചിത മാറ്റങ്ങള്‍ കൊണ്ട് വരുന്ന കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിധി പറയുന്നു. ഇക്കാര്യത്തില്‍ ഇസ്‍ലാമിക മതരാഷ്ട്രങ്ങളില്‍ പോലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാണാതെ പോകരുത്. മുസ്‍ലിം രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ പുരോഗമനപരമായി ചിന്തിക്കുമ്പോള്‍ മതേതര രാജ്യമായ ഇന്ത്യ പിന്നോട്ട് പോകരുതെന്നും വിധിയില്‍ തുടര്‍ന്ന് പറയുന്നു.
അതേസമയം നിയമ നിര്‍മ്മാണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെക്കണമെന്നും വിധിയിലുണ്ട്. മുത്തലാഖ് സംബന്ധിച്ച നിയമനിര്‍മ്മാണത്തിലൂടെ മുസ്‍ലിം വ്യക്തി നിയമത്തിലെ മറ്റ് കാര്യങ്ങളിലും കൈകടത്താനുള്ള സാധ്യത കേന്ദ്ര സര്‍ക്കാരിന് തുറന്ന് കൊടുക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍. അതേസമയം മുസ്‍ലിം വ്യക്തി നിയമത്തിന് ഭരണഘടന സാധുതയുണ്ടെന്നും അതിനകത്ത് നിന്നുള്ള പരിഷ്കാരങ്ങള്‍ക്കേ നിയമസാധുതയുണ്ടാകൂ എന്നും ചീഫ് ജസ്റ്റിസിന്‍റെ വിധി വ്യക്തമാക്കുന്നുണ്ട്.