ദേവഗൗഡയെ അപമാനിച്ച കോൺഗ്രസിന് വോട്ട് കൊടുക്കരുതെന്ന് മോദി
കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിഎസ്-ബിജെപി രഹസ്യധാരണയെന്ന പ്രചാരണം ശക്തമാവുന്നു
ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേവഗൗഡ രാജ്യത്തെ മുതിർന്ന നേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തെ അപമാനിക്കുന്ന കോൺഗ്രസ് നിലപാട് സ്വീകാര്യമല്ലെന്നും ഉഡുപ്പിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിഎസും ബിജെപിയും രഹസ്യധാരണയുണ്ടെന്ന പ്രചാരണം കോൺഗ്രസ് ശക്തമാകുന്നതിനിടെയാണ് ജെഡിഎസ് അഖിലേന്ത്യ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയെ പ്രധാനമന്ത്രി പ്രകീർത്തിച്ചത്. രാഹുൽ ഗാന്ധിയും കോൺഗ്രസും ദേവഗൗഡയെ അപമാനിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. മുൻ പ്രധാനമന്ത്രി രാജ്യത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. അദ്ദേഹം ഡൽഹിയിൽ തന്നെ കാണാൻ എത്തുമ്പോഴൊക്കെ വാതിൽക്കലെത്തി സ്വീകരിക്കാറുണ്ട്. തിരിച്ച് പോകുമ്പോൾ കാറ് വരെ ഒപ്പം പോകാറുണ്ട്.
ദേവഗൗഡയെ അപമാനിച്ച കോൺഗ്രസിന് വോട്ട് കൊടുക്കരുതെന്നും മോദി പറഞ്ഞു. ഇന്നലെ മോദി പങ്കെടുത്ത മൂന്ന് റാലികളിലും കോൺഗ്രസിനെ മോദി കടന്നാക്രമിച്ചിരുന്നു. എന്നാൽ ഒരു റാലിയിലും ജെഡിഎസിനെ വിമർശിച്ചില്ല. ഇതോടൊപ്പം ദേവഗൗഡ പ്രകീർത്തനം കൂടി ആകുന്നതോടെ ജെഡിഎസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന അഭ്യൂഹം കൂടുതൽ ശക്തമാകും.