ദലിത് യുവാക്കള്‍ക്ക് മര്‍ദനം; രാഹുല്‍ ഗാന്ധി ഉനയിലെത്തി
മര്‍ദ്ദനത്തിനിരകളായവരുടെ വീടുകളിലെത്തിയ രാഹുല്‍ ഗാന്ധി സംഭവത്തെക്കുറിച്ച് നേരിട്ട് വിവര ശേഖരണം നടത്തി.
ഗുജറാത്തില്‍ ഗോസംരക്ഷകര്‍ ദളിത് യുവാക്കളെ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭം നാലാം ദിവസവും തുടരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരും പൊലീസും സംസ്ഥാനത്തിന്റെ പല ഭാഗത്തും ഏറ്റുമുട്ടി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലും വിഷയം ഉയര്‍ന്ന് വന്നതോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉനയിലെത്തി.
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിന്‍ ഗോസംരക്ഷകര്‍ ദലിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിഷേധത്തിനിടെ ആത്മഹത്യക്ക് ശ്രമിച്ചവരില്‍ ഒരാളും കല്ലേറില്‍ ഹോഡ്കോണ്‍സ്റ്റബിളും മരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. റോഡ്, റെയില്‍, ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. സംസ്ഥാനത്തെ കടകളെല്ലാം നാലാം ദിവസവും അടഞ്ഞു കിടക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ ഉണ്ടായി. പ്രതിഷേധം കത്തിനില്‍ക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മര്‍ദ്ദനത്തിനിരകളായവരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തി. മോദിയുടെ നാട്ടില്‍ സംഘ്പരിവാര്‍ ബന്ധമുള്ള ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ കൊടുംക്രൂരത കേന്ദ്രത്തിനെതിരായ ആയുധമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ആരോപണങ്ങളെ മറികടക്കുന്നതിനും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നു എന്ന് വരുത്തിത്തീര്‍ക്കാനുമാണ് രാഹുലിന്റെ ഉന സന്ദര്‍ശനമെന്നാണ് ഭരണ പക്ഷം ആരോപിക്കുന്നത്.