കൂട്ടബലാത്സംഗ ഇരയെ വിവാഹം കഴിച്ചു; പോരാട്ടത്തിന് ശക്തിപകരാന്‍ നിയമപഠനത്തിനും ചേര്‍ത്തു
അവര്‍ക്ക് വേണമെങ്കില്‍ ജുഡീഷ്യല്‍ സേവനത്തിന്റെ ഭാഗമാകാം. അല്ലെങ്കില്‍ അഭിഭാഷകയായി ബലാല്‍സംഗത്തിനിരയായ സ്ത്രീകള്‍ക്ക് സഹായം നല്‍കാം
29 കാരനായ കര്‍ഷകന്‍ ജിതേന്ദര്‍ ഛത്തര്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ വിവാഹം കഴിച്ചത് തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെയുള്ള അവളുടെ പോരാട്ടത്തിന് ധൈര്യം പകരാനാണ്.
കൂട്ട ബലാത്സംഗങ്ങളും മാനം കാക്കാന്‍ കൊലകളും നടക്കുന്ന, സ്ത്രീപുരുഷാനുപാതം അപകടകരമാംവിധം വ്യത്യാസപ്പെട്ടും കിടക്കുന്ന ഹരിയാനയില്‍ നിന്നാണ് തീര്‍ത്തും പോസിറ്റീവായ ഈ വാര്‍ത്ത. ജിന്ദ് പ്രദേശത്തു നിന്നുള്ള ജിതേന്ദര്‍ വിവാഹം കഴിച്ചത് കൂട്ട ബലാല്‍സംഗത്തിന് ഇരയായ ഒരു യുവതിയെ ആണ്. അതുമാത്രമല്ല, അയാള്‍ ഭാര്യയെ നിയമപഠനത്തിന് ചേര്‍ക്കുകയും, നീതിക്കു വേണ്ടിയുള്ള, തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേയുള്ള അവളുടെ പോരാട്ടത്തില്‍ ഒപ്പം ചേരുകയും ചെയ്തു. 2015 ഡിസംബര്‍ നാലിനായിരുന്നു ഇവരുടെ വിവാഹം.
യുവതിയുടെ കുടുംബാംഗങ്ങളാണ് വിവാഹാലോചനയുമായി ജിതേന്ദറിന്റെ കുടുംബത്തെ സമീപിച്ചത്. വിവാഹാന്വേഷണം മുന്നോട്ടു പോകുന്നത് മനസ്സിലാക്കിയ യുവതി ജിതേന്ദറിനെ സമീപിച്ച് കാര്യങ്ങള്‍ കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തന്നെ വിവാഹം ചെയ്താല്‍ ജിതേന്ദ്രറിന്റെ സാമൂഹ്യ ജീവിതത്തില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളോര്‍ത്ത് മറ്റൊരാളെ വിവാഹം ചെയ്യണമെന്നായിരുന്നു യുവതിക്ക് ജിതേന്ദറിനോട് പറയാനുണ്ടായത്. പക്ഷേ താന്‍ തീരുമാനം മാറ്റാന്‍ തയ്യാറായില്ലെന്നും കുടുംബം തനിക്കൊപ്പം നിന്നുവെന്നും അയാള്‍ പറയുന്നു.
പ്രദേശത്തുള്ള കോച്ചിങ് സെന്റര്‍ ഉടമയായ നീരജ് അടക്കം നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തിയതും. ഇതില്‍ ഒരാളൊഴികെയുള്ളവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. പീഡനത്തിന്റെ പേര് പറഞ്ഞ് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാനെത്തിയ ഒരു സ്ത്രീയെയും പിന്നീട് അറസ്റ്റ് ചെയ്തു.
നീരജായിരുന്നു ഗൂഢാലോചന നടത്തിയവരില്‍ പ്രധാനി; ഉപദ്രവിച്ചതും അയാള്‍ തന്നെ. പ്രതികള്‍ പണക്കാരായതിനാല്‍ 70 ലക്ഷം രൂപ തന്ന് കേസ് ഒത്തുതീര്‍പ്പില്‍ എത്തിക്കാനും നീരജും കൂട്ടാളികളും ശ്രമിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നു പറഞ്ഞ് എന്നെയും ഭീഷണിപ്പെടുത്തി. അതു നടക്കാതെ വന്നപ്പോള്‍ എനിക്കെതിരേ ഉത്തര്‍പ്രദേശില്‍ രണ്ടു കള്ളക്കേസുണ്ടാക്കി. ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു പറഞ്ഞ് ഒരു ഡിഎസ്‌പിയുടെ സഹായത്തോടെ ജിന്ദിലും കേസ് കൊടുത്തു," ജിതേന്ദര്‍ പറയുന്നു.
വിവാഹം കഴിഞ്ഞതിന് ശേഷം അഭിഭാഷകരുമായി സംസാരിക്കുമ്പോഴോ കോടതിയിലോ അല്ലാതെ ഈ കേസിനെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും തനിക്ക് ജിതേന്ദറും കുടുംബവും നല്‍കുന്ന പിന്തുണ അത്രയേറെയാണെന്നും യുവതിയും പറയുന്നു.
"അവര്‍ക്ക് വേണമെങ്കില്‍ ജുഡീഷ്യല്‍ സേവനത്തിന്റെ ഭാഗമാകാം. അല്ലെങ്കില്‍ അഭിഭാഷകയായി ബലാല്‍സംഗത്തിനിരയായ സ്ത്രീകള്‍ക്ക് സഹായം നല്‍കാം. ഇതിനായി Youth Against Rapes എന്ന പ്ലാറ്റ്ഫോം ഇപ്പോള്‍തന്നെ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് പറയുന്നു ജിതേന്ദര്‍. തന്റെ ഭാര്യയെ ആക്രമിച്ച നാലു പേരില്‍ ഇനിയും പിടികൂടിയിട്ടില്ലാത്ത ഒരാളുടെ അറസ്റ്റിനു വേണ്ടി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ സഹായം തേടാന്‍ ശ്രമിക്കുകയാണ് ജിതേന്ദര്‍ ഇപ്പോള്‍.