മെഹബൂബ മുഫ്തി അധികാരമേറ്റു

Update: 2018-05-13 01:05 GMT
Editor : admin
മെഹബൂബ മുഫ്തി അധികാരമേറ്റു
Advertising

രണ്ടുമാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപിയും പിഡിപിയും മന്ത്രി സഭ രൂപീകരണത്തിന് ധാരണയായത്

ജമ്മുകശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി അധികാരമേറ്റു. രണ്ടുമാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപിയും പിഡിപിയും മന്ത്രി സഭ രൂപീകരണത്തിന് ധാരണയായത്. രാവിലെ പതിനൊന്ന് മണിക്ക് ജമ്മുകശ്മീര്‍ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് ന‌ടന്നത്. ജമ്മുവിലെ ആദ്യ വനിത മുഖ്യമന്ത്രിയാണ് മെഹബൂബ.

കഴിഞ്ഞ ജനുവരി ഏഴിന് കാശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ് മരണപ്പെട്ടതോടെയാണ് ജമ്മുകശ്മീരില്‍ ഭരണപ്രതിസന്ധി രൂപപ്പെട്ടത്. മുഫ്തി മുഹമ്മദിന്റെ മരണത്തിന് ശേഷം സഖ്യകക്ഷിയായ ബിജെപിയുമായി പിഡിപിക്കുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് സഖ്യസര്‍ക്കാരിന് വീണ്ടും വഴി തുറന്നത്. പിഡിപിയും ബിജെപിയും തമ്മില്‍ നേരത്തെയുണ്ടാക്കിയ പൊതുമിനിമം പരിപാടിയുമായി മുന്നോട്ടുപോവാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു.

നിലവില്‍ തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മെഹബൂബ മുഫ്തി. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന മെഹബൂബ സ്ഥാനം നിലനിര്‍ത്താന്‍ ലോക്‌സഭാംഗത്വം രാജിവെച്ച് ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്കോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കോ തിരഞ്ഞെടുക്കപ്പെടണം. ബിജെപി നിയമസഭാകക്ഷി നേതാവ് നിര്‍മല്‍ സിങ് ആണ് ഉപമുഖ്യമന്ത്രി. 87 അംഗ സഭയില്‍ പിഡിപിക്ക് 26 അംഗങ്ങളും ബിജെപിക്ക് 25 അംഗങ്ങളുമാണുള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News