കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ച ഓഖി ഡല്‍ഹിക്കും മുംബൈക്കും അനുഗ്രഹമായി
വടക്കേ ഇന്ത്യയിലെ, പ്രത്യേകിച്ചും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ഓഖി സഹായിക്കുമെന്നാണ് സൂചന.
കേരളവും തമിഴ്‌നാടും ഉള്‍പ്പടെയുള്ള തെക്കേ ഇന്ത്യയുടെ തീരങ്ങളില്‍ വന്‍ നാശം വിതച്ചാണ് ഓഖി ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങിയത്. എന്നാല്‍ മുംബൈക്കും തലസ്ഥാനമായ ഡല്‍ഹിക്കും ഓഖിയുടെ വരവ് അനുഗ്രഹമായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വടക്കേ ഇന്ത്യയിലെ പ്രത്യേകിച്ചും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ഓഖി സഹായിക്കുമെന്നാണ് സൂചന. വളരെ മോശവും അപകടകരവുമൊക്കെയായിരുന്ന ഡല്‍ഹിയിലെ വായുവിന്റെ അവസ്ഥ 'മോശം' നിലയിലേക്ക് പുരോഗമിച്ചെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ വടക്ക് ഭാഗത്തു നിന്നുംതെക്കോട്ട് പ്രതിസെക്കന്റില്‍ 4.5 മീറ്റര്‍ വേഗത്തില്‍ വായു ചലിക്കുന്നുണ്ട്. ഓഖി ചുഴലിക്കാറ്റാണ് ഇതിന് കാരണമായത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള മെട്രോ സിറ്റികളിലെ വായുവിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഇത് കാരണമായി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയെ പുകമഞ്ഞില്‍ നിന്നും രക്ഷിക്കാന്‍ ഓഖി കാരണമായേക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
പൊതുവെ വടക്കേ ഇന്ത്യയിലും പ്രത്യേകിച്ച് ഡല്‍ഹിയിലും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ് അന്തരീക്ഷ മലിനീകരണം. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തെ പോലും ഈ പുകമഞ്ഞ് നേരിട്ട് ബാധിച്ചിരുന്നു. ശ്രീലങ്കയുടെ പരാതി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും വിഷയം ഗൗരവത്തിലെടുക്കാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. മഞ്ഞുകാലത്ത് ഡല്‍ഹിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കുമ്പോള്‍ ഈ പുകമഞ്ഞുകൂടി കണക്കിലെടുക്കുമെന്നാണ് ബിസിസിഐ ആക്ടിംങ് സെക്രട്ടറി അമിതാഭ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്.
കുറച്ചുവര്‍ഷങ്ങളായി തണുപ്പുകാലത്തെ അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും ഡല്‍ഹിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ നവംബറില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായി. സ്‌കൂളുകള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചിടുകയും ചെയ്തു. സ്‌മോഗിനെ തുടര്‍ന്ന് വാഹനാപകടങ്ങളും തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം ബംഗാളും ഗുജറാത്തും തമ്മിലുള്ള രഞ്ജി മത്സരം സ്‌മോഗിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലെ പുകമഞ്ഞ്(സ്‌മോഗ്) ഒരു ദിവസം ശ്വസിക്കുന്നത് 44 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.