"ബോംബ് എവിടെ നിന്ന് വന്നു? ആകാശത്ത് നിന്നോ?" മക്ക മസ്ജിദ് കേസില്‍ പൊലീസ് വേട്ടയാടിയ നിരപരാധികള്‍ ചോദിക്കുന്നു

Update: 2018-05-13 13:27 GMT
Editor : Sithara
"ബോംബ് എവിടെ നിന്ന് വന്നു? ആകാശത്ത് നിന്നോ?" മക്ക മസ്ജിദ് കേസില്‍ പൊലീസ് വേട്ടയാടിയ നിരപരാധികള്‍ ചോദിക്കുന്നു
Advertising

"മുസ്‌ലിമായതിന്റെ പേരില്‍ എന്നെ പാകിസ്താനിയെന്നും ദേശദ്രോഹിയെന്നും മുദ്രകുത്തി. കേസില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്", മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ പൊലീസ് ആദ്യ ഘട്ടത്തില്‍ പിടികൂടി വേട്ടയാടിയ നിരപരാധികള്‍ ചോദിക്കുന്നു..

"അഞ്ച് പ്രതികളെയും കോടതി വെറുതെ വിട്ടു. അങ്ങനെയാണെങ്കില്‍ ബോംബ് എവിടെ നിന്നാണ് വന്നത്? ആകാശത്ത് നിന്നോ, അതോ ഭൂമിക്കടിയില്‍ നിന്നോ? ആരാണ് ആക്രമണം നടത്തിയത്? മുസ്‌ലിമായതിന്റെ പേരില്‍ എന്നെ പാകിസ്താനിയെന്നും ദേശദ്രോഹിയെന്നും മുദ്രകുത്തി. ഞാന്‍ ഹിന്ദുസ്ഥാനിയാണ്. പക്ഷെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നാണക്കേട് തോന്നുന്നു. അഖ്‌ലാഖ് മുതല്‍ കത്‍വ പെണ്‍കുട്ടി വരെ.. കേസില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്", മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ പൊലീസ് ആദ്യ ഘട്ടത്തില്‍ പിടികൂടി വേട്ടയാടിയ നിരപരാധികളില്‍ ഒരാളായ അബ്ദുല്‍ വാജിദ് തദ്ബാന്‍റേതാണ് ഈ വാക്കുകള്‍. ദ വയര്‍ ആണ് വാജിദ് ഉള്‍പ്പെടെ കേസില്‍ ആദ്യം അറസ്റ്റിലായവര്‍ അനുഭവിച്ച ദുരിതങ്ങളും കോടതിവിധിയോടുള്ള അവരുടെ പ്രതികരണങ്ങളും പുറത്തെത്തിച്ചത്. 9 പേര്‍ കൊല്ലപ്പെടുകയും 60ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അസീമാനന്ദ അടക്കമുള്ളവരെ വിട്ടയച്ചതിനെതിനെതിരെ ഇവര്‍ പ്രതികരിച്ചു.

മക്ക മസ്ജിദ് സ്‌ഫോടനത്തെ തുടര്‍ന്ന് പൊലീസ് ആദ്യം പിടിച്ചുകൊണ്ടുപോയവരില്‍ ‌പലര്‍ക്കും ജയിലില്‍ ക്രൂരമായ മര്‍ദനമേറ്റു. പലരും ഏറെക്കാലം വിചാരണ തടവുകാരായി തുടര്‍ന്നു. നിരപരാധികളെന്ന് തെളിഞ്ഞതോടെ ആന്ധ്ര സര്‍ക്കാരിന് ഇവരോട് മാപ്പ് പറയേണ്ടി വന്നു. 3 ലക്ഷം രൂപ നഷ്ടപരിഹാരവും ഇവര്‍ക്ക് നല്‍കി. പക്ഷേ അവരില്‍ പലരെയും ഇന്നും സമൂഹം കാണുന്നത് കുറ്റവാളികളായാണ്. നിരപരാധികളെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിട്ടും സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അവരില്‍ പലരെയും തേടി പൊലീസ് വീണ്ടുമെത്തി.

ഇങ്ങനെ പിടികൂടപ്പെട്ടവരില്‍ ഒരാളായിരുന്നു സംഭവം നടക്കുമ്പോള്‍ യുനാനി വിദ്യാര്‍ഥിയായിരുന്ന ഇബ്രാഹിം ജുനൈദ്. സ്ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ജുനൈദിനെ ഹൈദരാബാദ് പൊലീസ് രണ്ട് മാസത്തിന് ശേഷം പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഭീകരവാദിയെന്നും ദേശദ്രോഹിയെന്നും വിളിച്ച് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജുനൈദ് പറഞ്ഞു. കേസിനെ തുടര്‍ന്ന് പഠനം മുടങ്ങി. കോളജില്‍ നിന്ന് പുറത്താക്കപ്പെട്ടു. ആറ് മാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴേക്കും താനാകെ തകര്‍ന്നിരുന്നുവെന്ന് ജുനൈദ് പറഞ്ഞു. ഒടുവില്‍ കോടതിയെ സമീപിച്ചതോടെയാണ് പഠിക്കാന്‍ അവസരം കിട്ടിയത്. പക്ഷേ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചിട്ടും പൊലീസ് ഒരുപാട് കാലം പിന്തുടര്‍ന്നു. കേസില്‍ സത്യം പുറത്തുവരുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിച്ചെങ്കിലും വിധി നിരാശപ്പെടുത്തിയെന്ന് ജുനൈദ് വിശദീകരിച്ചു. ഇന്ന് ഹൈദരാബാദില്‍ യുനാനി ഡോക്ടറാണ് ജുനൈദ്.

പൊലീസ് ആദ്യ ഘട്ടത്തില്‍ പിടികൂടിയ മറ്റൊരു നിരപരാധിയാണ് 34 വയസ്സുകാരന്‍ അബ്ദുല്‍ വാജിദ് തദ്ബാന്‍. സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ വാജിദിനെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പിടികൂടിയത്. മഫ്തിയിലെത്തിയ ഇരുപത്തഞ്ചോളം പൊലീസുകാര്‍ കണ്ണുകള്‍ കെട്ടി കൊണ്ടുപോകുകയായിരുന്നു. 12 ദിവസത്തോളം ഫാം ഹൌസിലാണ് പാര്‍പ്പിച്ചത്. ലൈംഗികാവയവത്തില്‍ പോലും ഷോക്കടിപ്പിച്ചു. ഉറങ്ങാന്‍ അനുവദിച്ചില്ല. ഇതിനിടയില്‍ കുറ്റസമ്മതം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. നിരവധി തവണ ജാമ്യം നിഷേധിക്കപ്പെട്ടു. താന്‍ ഐഎസ്ഐ ഏജന്റാണെന്നും ലശ്കര്‍ ഭീകരനാണെന്നുമാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടെന്ന് വാജിദ് പറഞ്ഞു. അതോടെ വാജിദിന്‍റെ ജീവിതമാകെ ദുരിതം നിറഞ്ഞതായി. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അകന്നു. ഇന്നും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാറില്ല. മരുന്നുകളുടെ സഹായത്താലാണ് ഉറങ്ങുന്നതെന്ന് വാജിദ് പറയുന്നു.

37 വയസ്സുകാരനായ റഈസുദ്ദീനും നിരപരാധിയിട്ടും സമാനമായ ക്രൂരതകള്‍ അനുഭവിച്ചു. ജ്വല്ലറി കടയില്‍ ജോലിക്കാരനായ റഈസുദ്ദീന്‍ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സ്‌ഫോടന ശബ്ദം കേട്ടത്. സഹായിക്കാനോടിയെത്തിയ റഈസുദ്ദീനെയും പൊലീസ് പിടികൂടി. കൊടും ഭീകരവാദികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. കുടുംബാംഗങ്ങളെ കാണാനോ നിയമസഹായം തേടാനോ അനുവദിച്ചില്ല. പൊലീസിന്‍റെ ഭാഗമാണ് തെലുങ്ക് മാധ്യമങ്ങള്‍ നല്‍കിയത്. തന്നെ ഭീകരവാദിയും ചാരനുമെന്ന് വിശേഷിപ്പിച്ച തലക്കെട്ടുകള്‍ ഒരിക്കലും മറക്കില്ലെന്നും റഈസുദ്ദീന്‍ പറഞ്ഞു.

മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ കോടതി എല്ലാവരെയും വെറുതെ വിട്ട പശ്ചാത്തലത്തില്‍ ഈ മൂന്ന് പേര്‍ക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യമാണ്. ആരാണ് സ്ഫോടനം നടത്തിയത്? 9 പേരുടെ ജീവനെടുത്ത സ്ഫോടനത്തിന് ആരാണ് ഉത്തരവാദി?

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News