സന്ദീപ് കുമാറിനെ പുറത്താക്കിയതിന്റെ കാരണം വിശദീകരിച്ച് കെജ്‌രിവാള്‍
സന്ദീപ് കുമാറിനെതിരെ വ്യക്തമായ തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും പാര്‍ട്ടിയുടെ മാന്യതയെ കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ലൈംഗികാപവാദത്തെ തുടര്‍ന്ന് പുറത്താക്കിയ ആപ് മന്ത്രി സന്ദീപ് കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചതായി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടിയേയും തങ്ങളുടെ പ്രസ്ഥാനത്തേയും വഞ്ചിച്ച സന്ദീപിനെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇത്തരത്തില്‍ എന്ത് ആരോപണങ്ങള്‍ ഉയര്‍ന്നാലും പാര്‍ട്ടിയിലെ ആരായാലും ഉടനടി നടപടിയുണ്ടാവും.
അശ്ലീല സിഡി പുറത്തുവന്നതോടെയാണ് ഡല്‍ഹിയിലെ വനിത-ശിശുക്ഷേമ മന്ത്രി സന്ദീപ് കുമാറിനെ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. സിഡി പുറത്ത് വന്ന് ഒരു മണിക്കൂറിനുള്ളില്‍ മന്ത്രിയെ പുറത്താക്കി. സന്ദീപ് കുമാറിനെതിരെ വ്യക്തമായ തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും പാര്‍ട്ടിയുടെ മാന്യതയെ കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. നടപടികള്‍ ട്വിറ്ററിലൂടെ അറിയിച്ച കെജ്‌രിവാള്‍ പിന്നീട് കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ സന്ദേശവും അയച്ചു.
രണ്ട് സ്ത്രീകളോടൊപ്പമുള്ള ദൃശ്യങ്ങളും ഫോട്ടോഗ്രാഫുമാണ് ലൈംഗികാപവാദത്തിന് കാരണം. താന്‍ ദളിതനായതിനാലാണ് തനിക്കെതിരെ ഇത്തരം നടപടിയുണ്ടായതെന്ന് പുറത്താക്കപ്പെട്ട സന്ദീപ് കുമാര്‍ ആരോപിച്ചു. അതേസമയം ഞാന്‍ ഇന്നും എന്നും ആപിന്റെ പടയാളിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിവാദത്തെ കുറിച്ച് 36 വയസുകാരനായ മുന്‍മന്ത്രി പറഞ്ഞു. ആ വീഡിയോയില്‍ താനല്ലെന്നും പക്ഷേ ആംആദ്മി പാര്‍ട്ടിയുടെ പേരിന് കളങ്കമാകാതിരിക്കാനാണ് രാജിവെച്ചത്. പാര്‍ട്ടിയോടുള്ള എന്റെ വിധേയത്വവും ആത്മാര്‍ത്ഥയും എന്നും ഉണ്ടാവും സന്ദീപ് കുമാര്‍ പ്രതികരിച്ചു.
ഫെബ്രുവരിയില്‍ അധികാരത്തിലെത്തിയതിന് ശേഷം മൂന്ന് മന്ത്രിമാരാണ് ഇതുവരെ ആപ് മന്ത്രിസഭയില്‍ നടപടി നേരിട്ടത്. ഡിഗ്രി സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമായി ചമച്ചതിന് ജിതേന്ദര്‍ തോമറിനെ നിയമ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി. കെട്ടിട നിര്‍മ്മാതാവില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഭക്ഷ്യ പരിസ്ഥിതി മന്ത്രിയായിരുന്ന അസിം അഹമ്മദ് ഖാനേയും പുറത്താക്കിയിരുന്നു.