പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു
പളനിസാമിക്കൊപ്പം 30 മന്ത്രിമാരും അധികാരമേറ്റു . 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ പളനിസാമിക്ക് നല്‍കിയിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ഇടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുപ്പതംഗ മന്ത്രിസഭയും അദ്ദേഹത്തോടൊപ്പം സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വിദ്യാശങ്കര്‍ റാവുവാണ് മുഖ്യമന്ത്രിക്കും മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. പനീര്‍ശെല്‍വം, മുന്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍ എന്നിവരൊഴികെ മറ്റെല്ലാ മന്ത്രിമാരും മുന്‍ മന്ത്രിസഭയിലെ അംഗമാണ്. സെങ്കോട്ടയ്യന്‍ മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം. 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ പളനിസാമിക്ക് നല്‍കിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ പളനിസാമിയെ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിച്ചത്.
എഐഡിഎംകെയെ ഒരു കുടുംബത്തിന്റെ കൈകളിലെത്തിക്കാനുള്ള ശ്രമം തടയുമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. കുടുംബാധിപത്യം അവസാനിപ്പിക്കാനുള്ള ധാര്‍മിക യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പനീര്‍സെല്‍വത്തെ പിന്തുണക്കുന്ന എം പിമാര്‍ ഡോ വി മൈത്രേയന്റെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നു. പളനിസ്വാമിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചെന്നൈ കീഴ്പാടിയില്‍ പനീര്‍സെല്‍വം അനുകൂലി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.
ഇത് ജനങ്ങളുടെ വിജയമാണെന്നായിരുന്നു ശശികല ക്യാംപിലെ പ്രമുഖനും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം തമ്പിദുരൈയുടെ അഭിപ്രായം. ജയലളിതയുടെ വഴിയില്‍ പാര്‍ട്ടി മുന്നേറുമെന്നും തമ്പിദുരൈ ചെന്നൈയില്‍ പറഞ്ഞു.
ഇതിനിടെ ഒ പനീര്‍ശെല്‍വം - ശശികല വിഭാഗങ്ങള്‍ തമ്മില്‍ സമവായത്തിനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എഐഎഡിഎംകെയിലെ മുതലെടുക്കാന്‍ ഡിഎംകെ നേതൃത്വം ശ്രമിക്കുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സമവായശ്രമങ്ങള്‍ നടക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സമവായ ശ്രമം നടക്കുന്നത്. എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികല നിയോഗിച്ച ടിടി ദിനകരന്‍ കൂടി മുന്‍കൈയെടുത്ത ശേഷമാണ് പ്രശ്ന പരിഹാരത്തിന് ബിജെപി നേതൃത്വം ഇടപെട്ടതെന്നാണ് സൂചന.
പളനിസാമിക്ക് കീഴില്‍ ആരെല്ലാം മന്ത്രിമാരായി ചുമതലയേല്‍ക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പനീര്‍ശെല്‍വം പക്ഷത്തു നിന്നുള്ളവര്‍ മന്ത്രിസഭയില്‍ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 127 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് പളനിസാമിയുടെ അവകാശവാദം. 117 എംഎല്‍എമാരുടെ പിന്തുണയാണ് മന്ത്രിസഭയുണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം.
ഇതിനിടെ തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഡിഎംകെ അണികളോട് എം കെ സ്റ്റാലിന്റെ ആഹ്വാനം ചെയ്തു. പളനിസാമിയോ പനീര്‍സെല്‍വമോ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന് ദീര്‍ഘായുസ്സുണ്ടാവില്ല. ജനങ്ങളുടെ താല്‍പര്യം നടപ്പാക്കാന്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയത് കുതിര കച്ചവടത്തിനിടയാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.