മണിപ്പൂർ ബി.ജെ.പി മന്ത്രിസഭയിൽ പൊട്ടിത്തെറി; ആരോഗ്യമന്ത്രി രാജിവച്ചു

Update: 2018-05-14 22:27 GMT
Editor : Ubaid
മണിപ്പൂർ ബി.ജെ.പി മന്ത്രിസഭയിൽ പൊട്ടിത്തെറി; ആരോഗ്യമന്ത്രി രാജിവച്ചു
Advertising

ആരോഗ്യവകുപ്പ് ഡയറക്ടർ ഒക്റാം ഇബോംചയെ തന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രി പുറത്താക്കിയതാണ് ജയന്തകുമാറിനെ ചൊടിപ്പിച്ചത്

ഒരുമാസം മാത്രം പ്രായമായ മണിപ്പൂരിലെ ബി.ജെ.പി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ആരോഗ്യമന്ത്രി എൽ.ജയന്തകുമാർ രാജിവച്ചു. സഖ്യകക്ഷിയായ എൻ.പി.പിയുടെ മന്ത്രിയാണ് ജയന്തകുമാർ. തന്‍റെ വകുപ്പിൽ മുഖ്യമന്ത്രി അനാവശ്യമായി കൈകടത്തുവെന്ന ആരോപണം ഉന്നയിച്ചാണ് ജയന്തകുമാറിന്റെ രാജി. വെള്ളിയാഴ്ച വൈകിട്ടാണ് ജയന്തകുമാർ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. നാല് എംഎൽഎമാരുള്ള എൻപിപിയുടെ സഹായം കൂടി നേടിയാണ് മണിപ്പൂരിൽ ബിജെപി സർക്കാർ രൂപീകരിച്ചത്.

ആരോഗ്യവകുപ്പ് ഡയറക്ടർ ഒക്റാം ഇബോംചയെ തന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രി പുറത്താക്കിയതാണ് ജയന്തകുമാറിനെ ചൊടിപ്പിച്ചത്. പ്രത്യേകിച്ച് ഒരുകുറ്റവും ചുമത്താതെ അച്ചടക്ക നടപടിയുടെ പേരിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തുവെന്നാണ് ജയന്തകുമാറിന്‍റെ പരാതി. മുൻ മുഖ്യമന്ത്രി ഒക്റാം ഇബോബി സിംഗിന്‍റെ അടുത്ത ബന്ധുവാണ് ഇയാൾക്കുള്ള അയോഗ്യതയെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും എന്നാൽ തന്‍റെ വകുപ്പുകളിലെ അനാവശ്യ ഇടപെടലുകൾ കാരണം നല്ല രീതിയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നുമാണ് രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News