പ്ലീനറി സമ്മേളനത്തിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയോഗം ഇന്ന്
സമ്മേളനത്തോടെ നയപരമായി തന്നെ വലിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിടുമെന്നാണ്...
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സ്റ്റിയറിങ് കമ്മിറ്റിയോഗം ഇന്ന് ചേരും. നാളെ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ പ്ലീനറി സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. സമ്മേളനത്തോടെ നയപരമായി തന്നെ വലിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിടുമെന്നാണ് സൂചന.
പ്ലീനറി സമ്മേളനത്തിന്റെ ചുമതലയുള്ള സ്റ്റിയറിങ് കമ്മിറ്റി വൈകുന്നേരം നാലരക്കാണ് ചേരുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രമേയങ്ങള്‍ക്ക് കമ്മിറ്റി അംഗീകാരം നല്‍കും. രാഷ്ട്രീയം, സാമ്പത്തികം, വിദേശനയം, തൊഴില്‍, കാര്‍ഷികം തുടങ്ങിയ വിഷയങ്ങളിലാണ് പ്രമേയങ്ങള്‍. എ കെ ആന്റണിയുടേ നേതൃത്വത്തിലാണ് രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ നയപരമായ വലിയ മാറ്റങ്ങള്‍ക്ക് ഈ സമ്മേളനത്തോടെ കോണ്‍ഗ്രസ് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശനിയാഴ്ച്ച രാവിലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. തുടര്‍ന്ന് പ്രമേയാവതരണവും ചര്‍ച്ചകളും നടക്കും. 130000 ത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച്ച പുതിയ വര്‍ക്കിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ മറുപടി പ്രസംഗത്തോടെ സമ്മേളനം സമാപിക്കും.